അഹിംസയുടെ ആശയം സംരക്ഷിക്കാൻ ചിലപ്പോൾ അക്രമം അനിവാര്യം: ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി

ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടന്ന 'ഹിന്ദു ആധ്യാത്മിക സേവാമേള' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി

Update: 2025-01-23 15:57 GMT

അഹമ്മദാബാദ്: അഹിംസയുടെ ആശയം സംരക്ഷിക്കാൻ ചിലപ്പോൾ അക്രമം അനിവാര്യമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ഇന്ത്യ എല്ലാവരേയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകണം. ഹിന്ദുക്കൾ എപ്പോഴും തങ്ങളുടെ മതം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ 'ധർമം' സംരക്ഷിക്കാൻ, മറ്റുള്ളവർ 'അധർമം' എന്ന് മുദ്രകുത്തുന്ന കാര്യങ്ങൾ പോലും നമുക്ക് ചെയ്യേണ്ടി വരും. അത്തരം കാര്യങ്ങൾ നമ്മുടെ പൂർവ്വികരും ചെയ്തിട്ടുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു. 'അധർമ'ത്തെ ചെറുക്കാൻ പാണ്ഡവർക്ക് യുദ്ധനിയമങ്ങളെ മാറ്റിവെക്കേണ്ടി വന്നതായും മഹാഭാരത യുദ്ധത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടന്ന 'ഹിന്ദു ആധ്യാത്മിക സേവാമേള' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

ഹിന്ദു മതത്തിൽ അഹിംസയുടെ ഘടകം ഉണ്ട്. എന്നിരുന്നാലും, അഹിംസ എന്ന ആശയം സംരക്ഷിക്കാൻ ചിലപ്പോൾ നമുക്ക് അക്രമം നടത്തേണ്ടി വരും. അല്ലെങ്കിൽ, അഹിംസ എന്ന ആശയം ഒരിക്കലും സുരക്ഷിതമാകില്ല. നമ്മുടെ മഹാന്മാരായ പൂർവികരാണ് ആ സന്ദേശം തങ്ങൾക്ക് നൽകിയത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) ആണ് നമ്മുടെ ആശയം. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കിയാൽ ഒരു സംഘർഷവും ഉണ്ടാകില്ല. ശക്തമായ ഇന്ത്യയും ശക്തമായ ഹിന്ദു സമൂഹവും എല്ലാവർക്കും പ്രയോജനകരമാണെന്ന് ലോകത്തിന് ഉറപ്പ് നൽകുന്നു. കാരണം ഞങ്ങൾ ദുർബലരെയും അധഃസ്ഥിതരെയും സംരക്ഷിക്കും. ഇതാണ് ഹിന്ദുവിന്റെ പ്രത്യയശാസ്ത്രമെന്നും ജോഷി പറഞ്ഞു.

സഭയോ മിഷനറിമാരോ പോലുള്ള ചില സ്ഥാപനങ്ങൾ മാത്രമാണ് നിസ്വാർഥ സേവനം ചെയ്യുന്നതെന്നത് മിഥ്യയാണ്. ദിവസേന ഒരു കോടിയോളം ആളുകൾക്ക് ഭക്ഷണം നൽകുന്ന ഒരു പുരാതന പാരമ്പര്യം നമ്മുടെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉണ്ടായിരുന്നു. ഹിന്ദുമത സംഘടനകൾ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അവർ സ്കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News