ഇതെന്തൊരു മേല്‍പ്പാലം! നാലുവരി പെട്ടെന്ന് രണ്ടുവരിയിലേക്ക്; അപകടം ഉറപ്പെന്ന് വിമര്‍ശനം
മെട്രോ ലൈന്‍ പ്രൊജക്ടിൻ്റെ ഭാഗമായി മുംബൈയിലെ മീര-ഭയന്ദറില്‍ നിര്‍മിച്ച മേല്‍പ്പാലത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി
മുംബൈ: മെട്രോ ലൈന്‍ പ്രൊജക്ടിന്റെ ഭാഗമായി മുംബൈയിലെ മീര-ഭയന്ദറില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മേല്‍പ്പാലത്തിന്റെ ഡിസൈന്‍ അപകടം വിളിച്ചുവരുത്തുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. നാലുവരി മേല്‍പ്പാലം പാതിയില്‍ വച്ച് പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുകയാണ്. 'എന്‍ജിനീയറിങ് അത്ഭുതം' എന്നാണ് സോഷ്യല്‍ മീഡിയയില്‍ മേല്‍പ്പാലത്തെ കളിയാക്കി വിശേഷിപ്പിക്കുന്നത്.
മുംബൈയിലെ മെട്രോ ലൈന്‍ ഒമ്പത് പദ്ധതിയുടെ ഭാഗമായാണ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മീര-ഭയന്ദറില്‍ 100 കോടി ചെലവില്‍ പുതുതായി മേല്‍പ്പാലം നിര്‍മിച്ചത്. എന്നാല്‍, ഇതിന്റെ ഡിസൈന്‍ രാഷ്ട്രീയ വാക്‌പോരിന് വരെ കാരണമായിരിക്കുകയാണ്. 'കുപ്പിക്കഴുത്ത് മേല്‍പ്പാലം' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ഡിസൈന്‍ ചെയ്ത എന്‍ജിനീയര്‍ക്ക് ഒരു സ്വര്‍ണമെഡല്‍ നല്‍കണമെന്നും, ദിവസം എത്ര അപകടങ്ങള്‍ നടക്കുമെന്ന് മാത്രം ഇനി നോക്കിയാല്‍ മതിയെന്നും പലരും കമന്റ് ചെയ്യുന്നു.
ജെംസ് ഓഫ് മീര-ഭയന്ദര്‍ എന്ന എക്‌സ് അക്കൗണ്ടിലാണ് കഴിഞ്ഞ ദിവസം ആദ്യമായി മേല്‍പ്പാലത്തിന്റെ ദൃശ്യങ്ങള്‍ വന്നത്. ഫെബ്രുവരിയില്‍ ഈ പാലം തുറന്നുകൊടുക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു. ഇത്തരമൊരു ഡിസൈന് എങ്ങനെയാണ് അധികൃതര്‍ അനുമതി നല്‍കിയതെന്നും പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റ് വൈറലായതോടെയാണ് മേല്‍പ്പാലം വ്യാപക ചര്‍ച്ചയില്‍ വന്നത്. മെട്രോ ലൈനിനോട് ചേര്‍ന്ന് നാലുവരിയായി പോകുന്ന മേല്‍പ്പാലം പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുന്നതിന്റെ വിഡിയോയും പങ്കുവച്ചിരുന്നു.
സംഭവത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മഹാരാഷ്ട്രയിലായാലും മധ്യപ്രദേശിലായാലും ബിജെപി സര്‍ക്കാറുകള്‍ക്ക് കീഴില്‍ ഇത്തരം ഡിസൈനുകള്‍ സാധാരണമാണെന്ന് പരിഹസിക്കുകയും ചെയ്തു. നേരത്തെ, ഭോപ്പാലിലെ 90 ഡിഗ്രീ വളവിലുള്ള മേല്‍പ്പാലം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം, മിരാ-ഭയന്ദറിലെ മേല്‍പ്പാലം ഡിസൈനില്‍ വിശദീകരണവുമായി മുംബൈ മെട്രോ മേഖല വികസന അതോറിറ്റി (എംഎംആര്‍ഡിഎ) രംഗത്തെത്തി. ഡിസൈനില്‍ അബദ്ധം സംഭവിച്ചതല്ലെന്നും പിന്നീട് വികസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ നിര്‍മാണം എന്നുമാണ് ഇവരുടെ വിശദീകരണം. പദ്ധതി പ്രകാരം മേല്‍പ്പാലം നിലവില്‍ ഭയന്ദര്‍ ഈസ്റ്റിലേക്ക് രണ്ട് വരി പാതയായും ഭാവിയില്‍ ഭയന്ദര്‍ വെസ്റ്റിലേക്ക് ബന്ധിപ്പിക്കാന്‍ രണ്ട് വരി പാതയായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭയന്ദര്‍ ഈസ്റ്റിലേക്കുള്ള ഭാഗം ആദ്യം വരുന്നതുകൊണ്ടാണ് നിലവിലുള്ള നാലുവരി പാത രണ്ടു വരിയായി ചുരുങ്ങുന്നത്. ബാക്കി രണ്ടുവരികള്‍ വെസ്റ്റേണ്‍ റെയില്‍വേ ലൈനിന് കുറുകെ ഭയന്ദര്‍ വെസ്റ്റിലേക്ക് നീട്ടുമെന്നും എംഎംആര്‍ഡിഎ വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍, ഈ വിശദീകരണത്തിലൊന്നും കാര്യമില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ''അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് ഈ പാലത്തിന്റെ രൂപരേഖ. 2022ല്‍ സൈറസ് മിസ്ത്രി കാറപകടത്തില്‍ മരിച്ചത് പാലത്തിന്റെ ഡിസൈനിലെ തകരാര്‍ കാരണമായിരുന്നു. എംഎംആര്‍ഡിഎ ഈ അബദ്ധം ആവര്‍ത്തിക്കുകയാണ്'' -സാമൂഹിക പ്രവര്‍ത്തക അഞ്ജലി ദമാനിയ ചൂണ്ടിക്കാട്ടുന്നു.
ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും എംഎംആര്‍ഡിഎയുടെ വിശദീകരണം തള്ളി. ''ഈയൊരു മാസ്റ്റര്‍പീസ് ഡിസൈനിന്റെ പേരില്‍ എംഎംആര്‍ഡിഎയെ ആരും കളിയാക്കരുത്. അടുത്ത വര്‍ഷം ഈ ഡിസൈന്‍ മറ്റ് രാജ്യങ്ങളില്‍ പഠിപ്പിക്കാന്‍ ധാരണാപത്രം ഒപ്പുവെക്കും. ഈ പാലത്തിന്റെ ബാക്കി 2047 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കും'' -അദ്ദേഹം എക്‌സ് പോസ്റ്റില്‍ പരിഹസിച്ചു.