'ഡ്രോണുകളും മിസൈലുകളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ നമ്മുടെ കൈയിലുണ്ടായിരുന്നു'; ബിരുദദാനചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാനാണെന്ന് ബിജെപി എം.പി അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തതും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു

Update: 2025-08-27 05:41 GMT
Editor : Lissy P | By : Web Desk

ഭോപ്പാല്‍: റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ ഇന്ത്യയിൽ പറക്കുന്ന യന്ത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും മുതിര്‍‌ന്ന ബിജെപി നേതാവുമായി ശിവരാജ് സിംഗ് ചൗഹാൻ. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാനാണെന്ന ബിജെപി എം.പി അനുരാഗ് ഠാക്കൂറിന്റെ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ ശിവരാജ് സിംഗ് ചൗഹാനും വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തത്.

ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐഐഎസ്ഇആർ) ബിരുദദാന ചടങ്ങിൽ  വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് ഹിന്ദു ഇതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്ന 'പുഷ്പക വിമാന'ത്തെക്കുറിച്ച് ചൗഹാൻ പരാമർശിച്ചത്.പുരാതന ഇന്ത്യയിൽ നൂതന സാങ്കേതികവിദ്യ നിലനിന്നിരുന്നുവെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് വിശദീകരിച്ചത്.

Advertising
Advertising

"റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ നമുക്ക് പുഷ്പക വിമാനം ഉണ്ടായിരുന്നു. ഇന്ന് നമുക്കുള്ള ഡ്രോണുകളും മിസൈലുകളും ആയിരക്കണക്കിന് വർഷങ്ങളായി നമ്മോടൊപ്പമുണ്ടായിരുന്നു. ഇതെല്ലാം നമ്മൾ മഹാഭാരതത്തിൽ വായിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വികസിപ്പിച്ചെടുത്തതാണ്,"  ചൗഹാൻ അവകാശപ്പെട്ടു.

 ഇന്ത്യയുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും ചൗഹാൻ പ്രശംസിച്ചു. “ലോകം ഇരുട്ടിൽ ആയിരുന്നപ്പോൾ, ഇന്ത്യ വെളിച്ചം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023-ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇന്ത്യ പുരാതന കാലം മുതൽ ശാസ്ത്രത്തിൽ മുന്നിലാണെന്ന് ചൗഹാൻ അവകാശപ്പെട്ടിരുന്നു. റൈറ്റ് സഹോദരന്മാർ ആധുനിക വിമാനം കണ്ടെത്തുന്നതിന് കുറഞ്ഞത് 7,000 വർഷങ്ങൾക്ക് മുമ്പ് തന്നെ രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന പുഷ്പക വിമാനം, കണ്ടുപിടിച്ചതെന്ന് അദ്ദേഹം വാദിച്ചിരുന്നു.

1903ൽ അമേരിക്കക്കാരായ ഓർവിൽ റൈറ്റും, വിൽബർ റൈറ്റുമാണ് വിമാനം കണ്ടുപിടിച്ചതെന്നാണ് ചരിത്രം പറയുന്നത്.നോർത്ത് കരോലിനയിലെ കിറ്റി ഹോക്കിൽ ഒരു മോട്ടോർ ഘടിപ്പിച്ച വിമാനം വിജയകരമായി പറത്തി. ഈ നേട്ടം ആധുനിക വ്യോമയാനത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു.

ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ ഒരു സ്കൂളിൽ നടന്ന ചടങ്ങിലാണ്  ആരാണ് ആദ്യമായി ബഹിരാകാശത്ത് എത്തിയതെന്ന് അനുരാഗ് ഠാക്കൂർ തന്നെയാണ് കഴിഞ്ഞദിവസം കുട്ടികളോട് ചോദിച്ചത്. നീൽ ആംസ്‌ട്രോങ് എന്നായിരുന്നു കുട്ടികൾ മറുപടി നൽകിയത്. എന്നാൽ ബഹിരാകാശത്ത് ആദ്യമായി കാലുകുത്തിയത് ഹനുമാൻ ആണെന്ന് ഠാക്കൂർ തിരുത്തുകയായിരുന്നു.ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള നമ്മുടെ സംസ്‌കാരം,അറിവ്,പാരമ്പര്യം തുടങ്ങിയവക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. പാഠപുസ്തകത്തിന് പുറത്ത് നിന്ന് ചിന്തിക്കാൻ പ്രിൻസിപ്പളിനോടും നിങ്ങളോടും അഭ്യർഥിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിലും അറിവിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അനുരാഗ് ഠാക്കൂർ വിദ്യാർഥികളെ ഉപദേശിക്കുകയും ചെയ്തിരുന്നു.

ഒരു പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ സ്‌കൂൾ കുട്ടികളോട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് നീൽ ആംസ്ട്രോങ്ങല്ല, ഹനുമാനാണെന്ന് വാദിക്കുന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നു എന്നായിരുന്നു ഡിഎംകെ എംപി കനിമൊഴി ഈ പ്രസ്താവനയെ അപലപിച്ചത്. ശാസ്ത്രം പുരാണമല്ല. ക്ലാസ് മുറികളിൽ യുവമനസ്സുകളെ തെറ്റിദ്ധരിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അറിവിനും യുക്തിക്കും ശാസ്ത്രീയ മനോഭാവത്തിനും അപമാനമാണ്. ഇന്ത്യയുടെ ഭാവി വസ്തുതയെ കെട്ടുകഥയുമായി ആശയക്കുഴപ്പത്തിലാക്കുന്നതല്ല, ജിജ്ഞാസ വളർത്തുന്നതിലാണെന്നും അവര്‍ എക്സില്‍  കുറിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News