മൊകാമ ബാഹുബലി, കൊലപാതകമടക്കം 28 കേസുകളിൽ പ്രതി; ആരാണ് ജൻ സുരാജ് പാർട്ടി നേതാവിന്റെ കൊലയിൽ അറസ്റ്റിലായ അനന്ത് സിങ്
മൊകാമയിലെ 'ഛോട്ടാ സർക്കാർ' എന്നാണ് ഇയാൾ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് സിങ്ങാണ്.
പട്ന: അറിയപ്പെടുന്നത് ഛോട്ടാ സർക്കാർ, മൊകാമാ ബാഹുബലി എന്നിങ്ങനെ. ധരിക്കുന്നത് വെള്ള വസ്ത്രങ്ങൾ മാത്രം. പിരിച്ചുവച്ച മീശ, നെറ്റിയിൽ തിലകക്കുറി, കണ്ണിൽ കറുത്ത സൺഗ്ലാസ്... പറഞ്ഞുവന്നത് ഏതെങ്കിലും സിനിമാ കഥാപാത്രത്തെ കുറിച്ചല്ല. ബിഹാറിൽ ജൻ സുരാജ് പാർട്ടി നേതാവായ ദുലാർ സിങ് യാദവിന്റെ കൊലപാതക്കേസിൽ അറസ്റ്റിലായ ജെഡിയു സ്ഥാനാർഥി അനന്ത് സിങ്ങിനെ കുറിച്ചാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിലെ ശക്തനായ നേതാക്കളിൽ ഒരാളാണ് അനന്ത് സിങ്.
ബിഹാർ തലസ്ഥാനമായ പട്നയിൽ നിന്ന് 100 കി.മീ അകലെയുള്ള മൊകാമയാണ് അനന്ത് സിങ്ങിന്റെ തട്ടകം. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഇവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് സിങ്ങാണ്. ഇവിടെ ഇയാൾക്ക് പ്രത്യേകിച്ചൊരു അടയാളം ആവശ്യമില്ല, ഇയാൾ തന്നെയാണ് ഇവിടുത്തെ അടയാളം. ജെഡിയുവിന്റെയും ആർജെഡിയുടേയും പിന്തുണയോടെയാണെങ്കിലും അതല്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാലും മണ്ഡലത്തിൽ അനന്ത് സിങ്ങിന് ജയം ഉറപ്പ്. റീലുകളിലും മീമുകളിലും നിറഞ്ഞുനിൽക്കുന്ന സിങ് സോഷ്യൽമീഡിയയിലും വൈറൽ കഥാപാത്രമാണ്.
സോഷ്യൽമീഡിയയിൽ കാണുമ്പോൾ കോമാളി കഥാപാത്രമായി തോന്നുമെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യങ്ങളിൽ ഇയാൾ ഒട്ടും ഫണ്ണിയല്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥിയായ സിങ്, ഗുണ്ടാനേതാവിൽ നിന്നും രാഷ്ട്രീയനേതാവായ ആളാണ്. തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കെയാണ് ജൻ സുരാജ് പാർട്ടി നേതാവിന്റെ കൊലപാതകം നടക്കുന്നതും കേസിൽ മുഖ്യപ്രതിയായ സിങ് അറസ്റ്റിലാവുന്നതും.
നിരവധി കേസുകളിൽ പ്രതി, കോടികളുടെ സ്വത്ത്
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, പീഡനം, തട്ടിക്കൊണ്ടുപോകൽ, അതിക്രമം, മോഷണം, കുറ്റവാളികൾക്ക് അഭയമൊരുക്കൽ എന്നിവയടക്കം 28 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിങ്. ആയുധ നിയമപ്രകാരമുള്ള കേസും ഇയാൾക്കെതിരെയുണ്ട്.
13 കോടിയുടെ ജംഗമ സ്വത്തുക്കളാണ് തനിക്കുള്ളതെന്നും സിങ്ങിന്റെ ഇയാൾ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് കോടിയുടെ ടൊയോട്ട ലാൻഡ് ക്രൂയ്സർ, ടൊയോട്ട ഫോർച്യൂണർ എസ്‌യുവി ഉൾപ്പെടെ നിരവധി അത്യാഡംബര കാറുകളും ആനയും കുതിരയും ഇയാൾക്ക് സ്വന്തമായുണ്ട്. ആകെ 37.88 കോടിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് ഇയാളുടെ പേരിലുള്ളത്. മൊകാമയിലെ നിലവിലെ എംഎൽഎയായ ഭാര്യ നീലം ദേവിയുടെ പേരിൽ 67.22 കോടിയുടെ സ്വത്തുക്കളാണുള്ളത്.
മൊകാമ ബാഹുബലി
മൊകാമയിലെ 'ഛോട്ടാ സർക്കാർ' എന്നാണ് ഇയാൾ അറിയപ്പെടുന്നത്. 20 വർഷം മൊകാമയിൽ നിന്ന് ബിഹാർ നിയമസഭയെ പ്രതിനിധീകരിച്ചത് അനന്ത് സിങ്ങാണ്. ഭൂമിഹാർ നേതാവായ സിങ് 2005ലാണ് നിയമസഭയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന്, 2010ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി. 2015ൽ നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി കൈകോർത്തതിനെത്തുടർന്ന് മൊകാമാ ബാഹുബലി ജെഡിയു വിട്ടു. ആ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജെഡിയു സ്ഥാനാർഥിയെ പരാജയപ്പെടുത്തി.
2020ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇയാൾ ആർജെഡിയിൽ ചേർന്നു. അപ്പോഴേക്കും നിതീഷ് കുമാറും ലാലുവും വേർപിരിയുകയും സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയും ചെയ്തിരുന്നു. എന്നാൽ മൊകാമയിലെ ഫലം മാറിയില്ല. അനന്ത് സിങ് വീണ്ടും വിജയിച്ചു. എന്നാൽ 2022ൽ ആയുധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിയമസഭാംഗത്വം നഷ്ടപ്പെട്ടു. ഇതോടെ ഭാര്യ നീലം ദേവി ആർജെഡി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും മൊകാമ നിലനിർത്തുകയും ചെയ്തു. ഇത്തവണ സിങ് വീണ്ടും കളംമാറ്റി ചവിട്ടി ജെഡിയു ടിക്കറ്റ് നേടുകയായിരുന്നു.
ലാർ സിങ് യാദവിന്റെ കൊലപാതകം
ജൻ സുരാജ് പാർട്ടി നേതാവായ ദുലാർ സിങ് യാദവിനെ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. വാഹനത്തിൽ എത്തിയ സംഘം ദുലാർ സിങ് യാദവ് സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് വാഹനം ഇടിപ്പിക്കുകയുമായിരുന്നു. ജൻ സുരാജ് സ്ഥാനാർഥി പിയൂഷ് പ്രിയദർശിക്കു വേണ്ടി യാദവ് പ്രചരണം നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവത്തിന് പിന്നാലെ ജെഡിയു നേതാവ് അനന്ത് സിങ്ങിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇന്നലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. തലസ്ഥാനത്ത് നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ബാർഹിലെ വീട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾക്കൊപ്പം മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നിവരും പിടിയിലായി. മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനും സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്.