15,000 കോടി രൂപ: ഇന്ത്യയുടെ ആദ്യത്തെ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് ആര് നിര്‍മ്മിക്കും?; മത്സരത്തിനൊരുങ്ങി അഞ്ച് വമ്പന്‍ കമ്പനികള്‍

അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ കൈവരിച്ചിട്ടുള്ളത്

Update: 2025-10-02 13:38 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | india.com

ന്യൂഡൽഹി: ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ കൈവരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ എയറോസ്‌പേസ് പ്രോഗ്രാമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പദ്ധതി ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.

15,000 കോടി രൂപയുടെ ഡിസൈനുള്ള വികസന കരാറിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്പനികളാണ് ബിഡുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എല്‍ ആന്‍ഡ് ടി, എച്ച്എഎല്‍, അദാനി ഡിഫന്‍സ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് എന്നീ കമ്പനികളാണ് മത്സരരംഗത്തുള്ളത്.

Advertising
Advertising

ഈ മത്സരം വെറും 15,000 കോടി രൂപയുടെ കരാറിന് വേണ്ടിയുള്ളതല്ല, മറിച്ച് ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഒരു നാഴികക്കല്ലാണ്. 2030കളുടെ മധ്യത്തോടെ ഇന്ത്യയുടെ പ്രാഥമിക വ്യോമ പ്ലാറ്റ്ഫോമായി വര്‍ത്തിക്കുന്ന ഒരു പുതിയ അഞ്ചാം തലമുറ യുദ്ധവിമാനം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

രണ്ട് ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദന ഘട്ടവും ഈ പദ്ധതിക്ക് പിന്നാലെയുണ്ട്. പദ്ധതി വിജയിച്ചാല്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ സ്വന്തമായുള്ള യുഎസ് (എഫ്-35), റഷ്യ (എസ്യു-57), ചൈന (ജെ-20) എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടും. എഎംസിഎയെ ഒരു മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് വിമാനമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

റഡാര്‍ ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്റ്റെല്‍ത്ത് ഷേപ്പിംഗ് ഇതിന്റെ സവിശേഷതയാണ്. നൂതനമായ ഏവിയോണിക്‌സ്, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ എന്നിവയും വിമാനത്തിലുണ്ടാകും. ആഫ്റ്റര്‍ബേണറുകള്‍ ഇല്ലാതെ സുസ്ഥിരമായ സൂപ്പര്‍സോണിക് വേഗതയില്‍ പറക്കാന്‍ കഴിയുന്ന സൂപ്പര്‍ക്രൂയിസ് കഴിവ് ഈ വിമാനത്തിനുണ്ടാകും.

ബ്രഹ്മോസ് എയ്റോസ്പേസിന്റെ മുന്‍ മേധാവി എ. ശിവതാണു പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി ബിഡുകള്‍ പരിശോധിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News