അഞ്ച് ദിവസം നീണ്ട ആസൂത്രണം; മീററ്റിൽ ഭാര്യയും മകളും അവരുടെ കാമുകൻമാരും ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി

സുഭാഷിന്‍റെ മരണത്തിന് മുമ്പ് പൊലീസിന് അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല

Update: 2025-07-08 03:24 GMT
Editor : Jaisy Thomas | By : Web Desk

മീററ്റ്: മീററ്റിൽ ഭാര്യയും മകളും അവരുടെ കാമുകൻമാരും ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി. 45കാരനായ സുഭാഷ് ഉപാധ്യായ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 23ന് സുഭാഷിനെ പിന്‍ഭാഗത്ത് വെടിയേറ്റ നിലയിൽ വയലിൽ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. സുഭാഷിന്‍റെ മരണത്തിന് മുമ്പ് പൊലീസിന് അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല.

ജൂലൈ 6 ന് സുഭാഷിന്‍റെ ഭാര്യ കവിത, മകൾ സോനം, അവരുടെ കാമുകൻമാരായ ഗുൽസാർ, വിപിൻ സിംഗ്, കൂട്ടാളിയായ ശുഭം കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനി ഖുർദിലെ ഭൂപ്ഗരി ഗ്രാമത്തിലാണ് സുഭാഷ് ഭാര്യ കവിതയ്ക്കും നാല് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകൾ വിവാഹിതയാണ്. രണ്ടാമത്തെ മകൾ സോനം, മീററ്റിലെ കനോഹർ ലാൽ പിജി കോളജിൽ ബിഎ അവസാന വർഷ വിദ്യാർഥിനിയാണ്; രണ്ട് ആൺമക്കൾ ഒരാൾ 10-ാം ക്ലാസിലും മറ്റൊരാൾ 11-ാം ക്ലാസിലും പഠിക്കുന്നു.

Advertising
Advertising

ബ്രഹ്മപുരിയിൽ നിന്നുള്ള പാൽ വിൽപനക്കാരനായ വിപിനുമായി സോനം ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.കോളജിനടുത്തു വച്ചാണ് ഇവര്‍ ആദ്യം കാണുന്നത്. പിന്നീട് ടെലിഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കൂടുതൽ ശക്തമായി. അതേസമയം, കവിതയ്ക്ക് ഗുൽസാർ എന്ന കർഷകനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇവരുടെ വീടിനോട് ചേര്‍ന്നായിരുന്നു ഗുൽസാറിന്‍റെ വയലുകൾ സ്ഥിതി ചെയ്തിരുന്നത്. വീട്ടുകാര്‍ അറിയാതെയാണ് ഇരുവരും ഈ ബന്ധങ്ങൾ കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. സോനം തന്‍റെ അമ്മയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചതോടെ വിപിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. തുടര്‍ന്ന് അമ്മയും മകളും ചേര്‍ന്ന് സുഭാഷിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.ഇത് ഇരുവരുടെയും കാമുകൻമാരോട് വെളിപ്പെടുത്തുകയും ചെയ്തു. വിപിൻ തന്‍റെ സുഹൃത്ത് അജ്‍ഗറുമായി ബന്ധപ്പെട്ട് ശേഷം അഞ്ച് പേരും ചേര്‍ന്ന് അഞ്ച് ദിവസം കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

സംഭവദിവസം വയലുകൾ നനയ്ക്കാനായി സുഭാഷ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ കവിതയും സോനവും ഉടൻ തന്നെ വാട്ട്‌സ്ആപ്പ് കോൾ വഴി തങ്ങളുടെ കാമുകന്മാരെ അറിയിച്ചു.വിപിൻ ഒരു നാടൻ തോക്ക് ഐഗറിന് നൽകിയ ശേഷം ഇരുവരും വയലിനടുത്തേക്ക് പോയി. അവിടെ വെച്ച് ഐഗർ സുഭാഷിനെ പിന്നിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഓടി രക്ഷപ്പെടുകയും ആയുധം ഒളിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സുഭാഷിന്‍റെ മരണശേഷം കവിത ഒന്നുമറിയാത്തതു പോലെ ഒരു വിധവയുടെ വേഷമണിഞ്ഞു. സോനം മരിച്ചുപോയ പിതാവിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു. ഗുൽസാര്‍ അവരുടെ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ അഭിനയം കൊണ്ട് കേസ് ഇല്ലാതാകുമെന്നായിരുന്നു പ്രതികളുടെ വിചാരം.

അതേസമയം വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം കോളുകൾ വഴി നിരന്തരം ബന്ധം പുലർത്തി - അന്വേഷണത്തിലെ പുരോഗതി ചർച്ച ചെയ്യുകയും പൊലീസ് അപ്‌ഡേറ്റുകൾ പങ്കിടുകയും ചെയ്തു."എല്ലാം കഴിഞ്ഞു. ഇപ്പോൾ വിഷമിക്കേണ്ട" എന്ന് വിപിൻ സോനത്തോട് പറയുന്നതും "ഞാൻ പപ്പയോട് തെറ്റ് ചെയ്തു" എന്ന് സോനം മറുപടി പറയുന്നതും പോലുള്ള സന്ദേശങ്ങൾ അടങ്ങിയ ചാറ്റ് ലോഗുകൾ പൊലീസ് കണ്ടെത്തി. "വിഷമിക്കേണ്ട... ഞാൻ ഇവിടെയുണ്ട്." എന്ന് വിപിൻ മറുപടി പറയുന്നുമുണ്ട്. നാല് ടീമുകൾ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കവിതയും ഗുൽസാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു. പ്രതികൾ തമ്മിലുള്ള ആശയവിനിമയങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. കൊലപാതകം നടന്ന സമയത്ത് വിപിനും ഐഗറും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നുവെന്ന് ലൊക്കേഷൻ ഡാറ്റയിൽ നിന്ന് വ്യക്തമായി. ചോദ്യം ചെയ്യലിൽ, അവർ ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരുകളും വെളിപ്പെടുത്തി.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും അഞ്ചുപേരെയും ജയിലിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News