ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചെടുത്തോടി; മേൽക്കൂരയിൽ നിന്ന് വീണ് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് അസ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്

Update: 2023-07-26 05:41 GMT
Editor : Lissy P | By : Web Desk
Advertising

ബറേലി: കാട്ടുപൂച്ച കടിച്ചെടുത്ത് ഓടിയ ഒരുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വീടിന്‍റെ ടെറസിൽ ഉറക്കികിടത്തിയ ആണ്‍ കുഞ്ഞിനെയാണ് കാട്ടുപൂച്ച കടിച്ചെടുത്ത് ഓടിയത്. ഓടുന്നതിനിടയിൽ മേൽക്കൂരയിൽ നിന്ന് വീണാണ് കുഞ്ഞ് മരിച്ചത്.ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

മുഹമ്മദ് ഹസന്‍റെയും അസ്മയുടെയും ഇരക്കുട്ടികളിലൊരാളാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗൗതരാപട്ടിയിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് അസ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.

'വൈകുന്നേരം കുട്ടികൾക്ക് പാലുകൊടുത്ത് ടൈറസിൽ ഉറക്കാൻ കിടത്തിയതായിരുന്നു. മറ്റ് ജോലികൾ ചെയ്യുമ്പോഴാണ് മകൻ റിഹാന്റെ നിലവിളി കേൾക്കുന്നതെന്ന് അസ്മ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തുമ്പോൾ കാട്ടുപൂച്ച കുട്ടിയെ കടിച്ചെടുത്ത് ഓടുന്നതാണ് കണ്ടത്. ഞാൻ പിന്നാലെ ഓടിയപ്പോൾ പൂച്ച മേൽക്കൂരയിൽ നിന്ന് ചാടി. ഈ സമയം മകൻ നടുമുറ്റത്തേക്കാണ് വീണത്. വേദനകൊണ്ട് പുളയുകയായിരുന്നു അവനെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി..പക്ഷേ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞിരുന്നു..' മാതാവ് പറയുന്നു. കഴിഞ്ഞ 15 ദിവസമായി കാട്ടുപൂച്ച വീടിന് ചുറ്റും കറങ്ങി നടക്കുകയായിരുന്നു. എന്നാൽ ഇങ്ങനയൊരു അക്രമം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതെങ്കിലും വന്യമൃഗത്തെ താമസസ്ഥലത്ത് കണ്ടാൽ വനം വകുപ്പിനെ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അതേസമയം, പടിഞ്ഞാറൻ യുപിയിൽ ഈ മാസം ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 17ന് ആഗ്ര ജില്ലയിലെ പിണ്ഡൗര പൊലീസ് പരിധിയിലെ ബർവാർ ഗ്രാമത്തിൽ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടുപൂച്ച കൊന്നിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News