'രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിയും': കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് കേസ്
ചെന്നൈ: രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച ജഡ്ജിയുടെ നാവ് അരിയുമെന്ന് ഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് ഡിണ്ടിഗല്‍ ജില്ലാ പ്രസിഡന്റ് മണികണ്ഠനെതിരെയാണ് കേസെടുത്തത്.
ഏപ്രില്‍ ആറിനാണ് മണികണ്ഠന്‍ വിവാദ പ്രസംഗം നടത്തിയത്- "ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ, ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ ജയിലിലടക്കാൻ വിധി പ്രസ്താവിച്ച ജഡ്ജിയുടെ നാവ് അരിഞ്ഞെടുക്കും". ശനിയാഴ്ച പൊലീസ് കേസെടുത്തു. ഐപിസി 153 ബി ഉൾപ്പെടെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രിലില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പേര് വന്നതെങ്ങനെ എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. മോദി സമുദായത്തെ രാഹുല്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കോടതി രണ്ടു വര്‍ഷം ശിക്ഷ വിധിച്ചതോടെ രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടു.
Summary- A Congress leader in Tamil Nadu's Dindgul district has been charged for allegedly threatened to chop off the tongue of the judge who delivered the verdict against Rahul Gandhi in a 2019 criminal defamation case.