സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരുന്നതിനെ എതിർത്ത് ആന്ധ്രയും തെലങ്കാനയും
നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം
ഹൈദരാബാദ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരുന്നതിനെ എതിർത്ത് ആന്ധ്രാപ്രദേശും തെലങ്കാനയും. സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത വീഴ്ചയെന്നാണ് വിമർശനം. എതിർപ്പുകൾക്കിടയിലും ഡി.രാജ ബിഹാറിൻ്റെ പിന്തുണ നേടിയിട്ടുണ്ട്. ബിഹാർ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡേയാണ് രാജയ്ക്ക് പിന്തുണ നൽകുന്നത്. നേതാക്കൾക്ക് പ്രായപരിധി വേണ്ടെന്നാണ് 82 കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം.
സിപിഐ പാർട്ടി കോൺഗ്രസ് തുടരുകയാണ്. പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ ആന്ധ്ര, തെലങ്കാന സംസ്ഥാന ഘടകകങ്ങളും പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഒരാൾക്ക് മാത്രമായി പ്രായപരിധി നിബന്ധന ഒഴിവാക്കാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. അതേ സമയം തമിഴ്നാട്, കർണ്ണാട ബിഹാർ, ബംഗാൾ, ഘടകകങ്ങൾ ഡി.രാജയ്ക്കൊപ്പമാണ്. പുതിയ ജനറൽ സെക്രട്ടറിയെയും ദേശീയ എക്‌സിക്യൂട്ടീവിനെയും കൗൺസിലിനെയും നാളെ തെരഞ്ഞെടുക്കും.