കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകുമോ? മറുപടിയുമായി ഭഗവന്ത് മാൻ

ഭഗവന്ത് മാനിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ കെജ്‌രിവാൾ ശ്രമിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ മഞ്ജീന്ദർ സിങ് സിർസ ആരോപിച്ചിരുന്നു

Update: 2025-02-12 04:16 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ ഭരണം പോയ ആംആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. എന്നാൽ അത്തരം റിപ്പോർട്ടുകളെ ചിരിച്ചുകൊണ്ട് തള്ളിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്  മാൻ.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചാബ് എംഎല്‍എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യൂഹം തള്ളിക്കളഞ്ഞത്. ഭഗവന്ത് മാനിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ കെജ്‌രിവാൾ ശ്രമിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവും എംഎല്‍എയുമായ മഞ്ജീന്ദർ സിംഗ് സിർസ ആരോപിച്ചിരുന്നു. 

Advertising
Advertising

അയോഗ്യനെന്ന് മുദ്രകുത്തി മാനിനെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മഞ്ജീന്ദർ സിംഗ് സിർസയുടെ ആരോപണം. എന്നാല്‍, ആരോപണം ചിരിച്ചുതള്ളിയ ഭഗവന്ത് മാന്‍, അവര്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മറുപടി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും വ്യക്തമാക്കി. 

സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ നൽകുമെന്ന വാഗ്ദാനം ഉള്‍പ്പെടെ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ 20ലധികം എഎപി എംഎൽഎമാർ താനുമായി ബന്ധപ്പെടുന്നുണ്ടെന്ന കോൺഗ്രസ് നേതാവ് പർതാപ് സിങ് ബജ്‌വയുടെ അവകാശവാദത്തിനും മുഖ്യമന്ത്രി മറുപടി നൽകി.

മൂന്ന് വർഷമായി പർതാപ് ബജ്‌വ ഇതുതന്നെയാണ് പറയുന്നതെന്നും ആദ്യം ഡൽഹിയിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ മൂന്നാം വട്ടവും പൂജ്യമായ കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ടായിരുന്നു മാനിന്റെ ഈ പ്രതികരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News