ബിഹാര്‍ തെരഞ്ഞെടുപ്പ്: നിതീഷ് കുമാർ 25ൽ കൂടുതൽ സീറ്റുകൾ നേടിയാൽ രാഷ്ട്രീയം വിടുമെന്ന് പ്രശാന്ത് കിഷോർ

ബിഹാറിലെ 243 സീറ്റിലും തന്റെ പാർട്ടി തനിച്ചു മത്സരിക്കുമെന്നും പ്രശാന്ത് കിഷോർ

Update: 2025-10-03 09:25 GMT
Editor : rishad | By : Web Desk

പ്രശാന്ത് കിഷോർ- Photo- PTI

പറ്റ്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ പാര്‍ട്ടി(ജെഡിയു) 25ൽ കൂടുതൽ സീറ്റുകൾ നേടിയാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ 243 സീറ്റിലും തന്റെ പാർട്ടി തനിച്ചു മത്സരിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഡെക്കാൻ ഹെറാൾഡിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെ അവസാന ഊഴമാണ് ഇപ്പോഴത്തേത്‌. അദ്ദേഹം ക്ഷീണിതനും ഏറെക്കുറെ കളം വിട്ടനിലയിലുമാണ്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും ഒരു വിഷയമാണ്. എന്റെ വാക്കുകൾ കുറിച്ചോളൂ, ഈ വർഷം അദ്ദേഹം 25 സീറ്റുകളിൽ കൂടുതൽ നേടാൻ പോകുന്നില്ല, ഇനി അദ്ദേഹം 25 സീറ്റുകളിലധികം നേടുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും'- പ്രശാന്ത് കിഷോർ പറഞ്ഞു.

Advertising
Advertising

രാഷ്ട്രീയ ജനതാദളി (ആർജെഡി) ലെയും കോൺഗ്രസിലെയും അഴിമതി എല്ലാവർക്കും അറിയാവുന്നതാണെന്നും അതുകൊണ്ടാണ് ഇക്കുറി ബിജെപി മന്ത്രിമാരുടെ അഴിമതി തുറന്നുകാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയും ഗ്രാമീണകാര്യ മന്ത്രി അശോക് ചൗധരിയും വൻ അഴിമതിയാണ് നടത്തുന്നതെന്ന് പ്രശാന്ത് ആരോപിച്ചു. അശോക് ചൗധരി അടുത്തിടെ 200 കോടി രൂപയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം 243 സീറ്റിലേക്കായുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജനത്തിനായുള്ള മാരത്തന്‍ ചര്‍ച്ചയിലാണ് ഇരു മുന്നണികളും. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് എന്‍ഡിഎ നേതൃത്വം. അതേസമയം മന്ത്രിമാർക്ക് എതിരായ അഴിമതി ആരോപണങ്ങളും, തൊഴിലില്ലായ്മയും വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് മഹാസഖ്യം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News