'എന്‍റെ പെൺമക്കളുടെ അടുത്തായിരിക്കാൻ ആഗ്രഹിക്കുന്നു'; കർണാടക ഗുഹയിൽ നിന്ന് കണ്ടെത്തിയ റഷ്യൻ സ്ത്രീയുടെ കുട്ടികളുടെ പിതാവ്

കുട്ടികളുടെ പിതാവ് ഒരു ഇസ്രായേലി ബിസിനസുകാരനാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു

Update: 2025-07-16 10:44 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: കഴിഞ്ഞ ബുധനാഴ്ചയാണ് കര്‍ണാടകയിലെ ഗോകര്‍ണയിൽ ഗുഹയിൽ കഴിഞ്ഞിരുന്ന റഷ്യൻ വനിതയെയും രണ്ട് പെൺമക്കളെയും പൊലീസ് കണ്ടെത്തുന്നത്. നിനാ കുറ്റിന (40), മക്കളായ പ്രേമ (6), അമ(4) എന്നിവരെ പൊലീസ് യാദൃശ്ചികമായി കണ്ടെത്തി പുറത്തെത്തിക്കുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞും ഇവര്‍ ഇന്ത്യയിൽ താമസിക്കുകയായിരുന്നു. കുട്ടികളുടെ പിതാവ് ഒരു ഇസ്രായേലി ബിസിനസുകാരനാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്‍റെ മക്കളെ കാണാൻ ആഗ്രഹമുണ്ടെന്ന് താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇയാൾ.

കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇസ്രായേലി പൗരനായ ഡ്രോർ ഗോൾഡ്‌സ്റ്റൈൻ വാര്‍ത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. ''എന്‍റെ രണ്ട് പെൺമക്കളുടെ അടുത്തായിരിക്കാൻ ആഗ്രഹമുണ്ട്. അവരുടെ സംരക്ഷണം ഏറ്റെടുക്കാനും താൽപര്യമുണ്ട്. അവരെ കാണാനും പിതാവെന്ന നിലയിൽ അവരുടെ അടുത്തിരിക്കാനും ആഗ്രഹമുണ്ട്, അത്ര മാത്രം'' ഡ്രോര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ഗുഹയിൽ താമസിക്കുമ്പോഴാണ് പെൺകുട്ടികളിലൊരാളെ പ്രസവിച്ചതെന്ന് റഷ്യൻ യുവതി അധികൃതരോട് പറഞ്ഞിരുന്നു. വര്‍ഷങ്ങൾക്ക് മുൻപാണ് നിന ഗോൾഡ്‌സ്റ്റൈനെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) പിതാവുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിനയെയും കുട്ടികളെയും റഷ്യയിലേക്ക് കൊണ്ടുപോകാൻ ഏകദേശം ഒരു മാസമെടുക്കുമെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

യുവതിയുടെ ഗുഹാവാസം പലരെയും അമ്പരപ്പിച്ചെങ്കിലും തന്‍റെ കുടുംബം പ്രകൃതിയെ സ്നേഹിക്കുന്നുവെന്നായിരുന്നു നിനയുടെ മറുപടി. 15 വർഷത്തിനിടെ 20-ലധികം രാജ്യങ്ങളിലെ വനങ്ങളിൽ താൻ താമസിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. ''എന്‍റെ കുട്ടികളെല്ലാം വ്യത്യസ്ത സ്ഥലങ്ങളിലാണ് ജനിച്ചത്. എല്ലാവരെയും ഞാൻ തന്നെയാണ് പ്രസവിച്ചത്, ആശുപത്രികളോ ഡോക്ടർമാരോ ഇല്ലാതെ, കാരണം എനിക്ക് അത് എങ്ങനെ ചെയ്യണമെന്ന് അറിയാം. ആരും എന്നെ സഹായിച്ചില്ല, ഞാൻ ഒറ്റയ്ക്കാണ് അത് ചെയ്തത്'' യുവതി പറഞ്ഞു. നിന തന്‍റെ രണ്ട് ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ മൂത്ത മകൻ 21-ാം വയസിൽ മരിച്ചു, രണ്ടാമത്തെ മകൻ എവിടെയാണെന്ന് അറിയില്ല.

2017ലാണ് നിനയുടെ ബിസിനസ് വിസ കാലാവധി കഴിയുന്നത്. അതിന് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു. "ഒന്നാമതായി, വ്യക്തിപരമായ നിരവധി നഷ്ടങ്ങൾ ഉണ്ടായി - എന്‍റെ മകന്‍റെ മരണം മാത്രമല്ല, മറ്റ് ചില പ്രിയപ്പെട്ടവരും'' അവർ പിടിഐയോട് പറഞ്ഞു. ജൂലൈ 11 ന് പൊലീസ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് നീനയെയും പെൺമക്കളെയും ഗോകർണയിലെ ഒരു മറഞ്ഞിരിക്കുന്ന ഗുഹയിൽ താമസിക്കുന്നതായി കണ്ടെത്തിയത്. ഗുഹയിൽ സമാധാനത്തോടും സന്തോഷത്തോടുമുള്ള ജീവിതമാണ് തങ്ങൾ നയിച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News