Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അസം: ആസമിൽ അമ്പതുകാരിയായ സ്ത്രീയെ അബദ്ധത്തിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയും ദിവസങ്ങൾക്ക് ശേഷം തിരികെ കൊണ്ടുവന്നതായും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അസമിലെ ഗോലാഘട്ട് ജില്ലയിൽ നിന്നുള്ള റഹിമ ബീഗത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സുരക്ഷാ സേന ബംഗ്ലാദേശ് അതിർത്തിയിലേക്ക് കൊണ്ടുപോയി നാടുകടത്തുകയും ചെയ്തു. പിഴവ് സംഭവിച്ചുവെന്ന് മനസിലാക്കിയ അധികൃതർ അവരെ തിരികെ കൊണ്ടുവന്നു. അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ (എഫ്‌ടി) വിദേശികളായി പ്രഖ്യാപിച്ച ആളുകൾക്കെതിരെയുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി അസമിൽ തടങ്കലിൽ വച്ച നിരവധി ആളുകളിൽ റഹിമ ബീഗവും ഉൾപ്പെടുന്നു. അസമിൽ പൗരത്വത്തിനുള്ള കട്ട് ഓഫ് തീയതിയായ 1971 മാർച്ച് 25ന് മുമ്പ് റഹിമ ബീഗത്തിന്റെ കുടുംബം ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ഫോറിനേഴ്‌സ് ട്രൈബ്യൂണൽ കഴിഞ്ഞ മാസം വിധിച്ചുവെന്ന് അവരുടെ അഭിഭാഷക പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് വിദേശികളെന്ന് പ്രഖ്യാപിച്ചവരെ സംസ്ഥാനം അന്താരാഷ്ട്ര അതിർത്തി കടത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.
'ഞായറാഴ്ച (മെയ് 25) പുലർച്ചെ 4 മണിയോടെ ഉറങ്ങിക്കിടക്കുമ്പോൾ പൊലീസ് ഞങ്ങളുടെ വീട്ടിൽ വന്ന് ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. രാവിലെ സ്റ്റേഷനിൽ ചെലവഴിച്ച ശേഷം അവർ എന്നെയും മറ്റ് ചിലരെയും ഗൊലാഘട്ട് പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങളുടെ വിരലടയാളങ്ങൾ ശേഖരിച്ചു. രാത്രിയിൽ ഒരു വാഹനത്തിൽ മറ്റെവിടെയോ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലായിരുന്നു.' റഹിമ ബീഗം പറഞ്ഞു. 'ചൊവ്വാഴ്ച രാത്രി വൈകി കുറച്ച് കാറുകളിൽ കയറ്റി അതിർത്തിക്ക് സമീപം കൊണ്ടുപോയി. ഞങ്ങളോടൊപ്പമുണ്ടായിരുന്ന സുരക്ഷാ സേന ഞങ്ങൾക്ക് കുറച്ച് ബംഗ്ലാദേശി കറൻസി തന്ന് അതിർത്തി കടക്കണമെന്നും തിരികെ പോകരുതെന്നും പറഞ്ഞു. മുട്ടോളം ചെളിയും വെള്ളവും നിറഞ്ഞ നെൽവയലുകളായിരുന്നു അവിടെ. എന്തുചെയ്യണമെന്ന് അറിയാതെ ഞങ്ങൾ ഒരു ഗ്രാമത്തിലെത്തുന്നതുവരെ നെൽവയലുകൾക്കിടയിലൂടെ നടന്നു. അവിടെയുള്ള ആളുകൾ ഞങ്ങളെ ഓടിച്ചു. അവരുടെ അതിർത്തി സേന ഞങ്ങളെ വളരെയധികം മർദ്ദിച്ചു. ഞങ്ങൾ വന്നിടത്തേക്ക് മടങ്ങാൻ പറഞ്ഞു. ഇരുവശത്തേക്കും പോകാൻ കഴിയാത്തതിനാൽ ഞങ്ങൾ ദിവസം മുഴുവൻ ഒരു നെൽപ്പാടത്ത് നിന്നുകൊണ്ട് അതിലെ വെള്ളം കുടിച്ചു.' അവർ തുടർന്നു.
'വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യൻ സൈന്യം ഞങ്ങളെ തിരികെ വിളിച്ചു,. ബംഗ്ലാദേശ് കറൻസി തിരിച്ചു വാങ്ങി, വാഹനങ്ങളിൽ കയറ്റി കൊക്രജാറിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവർക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല എന്നെ ഗോലാഘട്ടിലേക്ക് കൊണ്ടുവന്നു. എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്റെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. രണ്ട് വർഷത്തിലേറെയായി പോരാടിയതിന് ശേഷമാണ് ഞാൻ എന്റെ എഫ്‌ടി കേസ് പൂർത്തിയാക്കിയത്.' റഹിമ ബീഗം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗോലാഘട്ട് പട്ടണത്തിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവിന് ഒരു കോൾ ലഭിച്ചു. വിദേശികളെന്ന് സംശയിക്കുന്ന മറ്റുള്ളവരോടൊപ്പം ബീഗത്തെയും കൊണ്ടുപോയതായി കുടുംബം ഞായറാഴ്ച പറഞ്ഞതായി ജോർഹട്ട് എഫ്‌ടിയിൽ ബീഗത്തിന്റെ കേസ് കൈകാര്യം ചെയ്ത അഭിഭാഷക ലിപിക ദേബ് പറഞ്ഞു.