പൂനെയിലെ ശനിവാർ വാഡ കോട്ടയിൽ‌ സ്ത്രീകൾ‍ നമസ്കരിച്ച സ്ഥലം ​ഗോമൂത്രം ഒഴിച്ച് കഴുകി ബിജെപി എംപി; പ്രതിഷേധം

വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് ശനിവാര്‍ വാഡ സന്ദര്‍ശിക്കാനെത്തിയ മുസ്‌ലിം സ്‌ത്രീകള്‍ കോട്ടവളപ്പിലെ ഒഴിഞ്ഞസ്ഥലത്ത് നമസ്കരിച്ചത്.

Update: 2025-10-21 14:00 GMT

Photo| NDTV

മുംബൈ: മഹാരാഷ്ട്ര പൂനെയിലെ പ്രസിദ്ധമായ ശനിവാർ കോട്ട പരിസരത്ത് സ്ത്രീകൾ നമസ്കരിച്ച സ്ഥലം ഗോമൂത്രം ഒഴിച്ച് കഴുകി ബിജെപി എംപി. ബിജെപി രാജ്യസഭാ എംപി മേധാ കുൽകർണിയാണ് ​ഗോമൂത്രം ഒഴിച്ച് 'ശുദ്ധികലശം' നടത്തിയത്. വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് ശനിവാര്‍ വാഡ സന്ദര്‍ശിക്കാനെത്തിയ മുസ്‌ലിം സ്‌ത്രീകള്‍ കോട്ടവളപ്പിലെ ഒഴിഞ്ഞസ്ഥലത്ത് നമസ്കരിച്ചത്.

വീഡിയോ വൈറലായതിനെ തടർന്ന്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോ​ഗസ്ഥന്റെ പരാതിയിൽ തിരിച്ചറിയാത്ത മൂന്ന് സ്ത്രീകൾ‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സംരക്ഷിത സ്മാരകങ്ങളിൽ ബാധകമായ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് ബിജെപി എംപി ​ഗോമൂത്രം ഒഴിച്ച് ഈ സ്ഥലം കഴുകിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, കോട്ടയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

Advertising
Advertising

മറാത്താ സാമ്രാജ്യത്തിന്റെ പ്രതീകമായ പൂനെ കോട്ടയിൽ നടന്ന സംഭവം ഓരോ പുനെക്കാർക്കും ആശങ്കയും രോഷവും ഉളവാക്കുന്നതാണെന്ന് മേധ കുൽ‍ക്കർണി അഭിപ്രായപ്പെട്ടു. ഇത് ദൗർഭാ​ഗ്യകരമാണ്. ശനിവാർ വാഡ കോട്ട ആർക്കും നമസ്കരിക്കാനുള്ള ഇടമല്ല. അതിൽ പങ്കാളികളായ ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ നമസ്കരിച്ച സ്ഥലം ഞങ്ങൾ‍ ശിവ വന്ദനം നടത്തി ശുദ്ധീകരിച്ചു. ഞങ്ങൾ കാവിക്കൊടി ഉയർത്താൻ ശ്രമിച്ചെങ്കിലും ഉദ്യോ​ഗസ്ഥർ തടഞ്ഞു- അവർ വിശദമാക്കി.

ശനിവാർ വാഡയ്ക്ക് ഒരു ചരിത്രമുണ്ട്. അത് ഹിന്ദു സമൂഹവുമായി അടുത്ത ബന്ധമുള്ള സ്ഥലമാണ്. ഹാജി അലിയിൽ ഹിന്ദുക്കൾ ഹനുമാൻ ചാലിസ ചൊല്ലിയാൽ മുസ്‌ലിംകളുടെ വികാരം വ്രണപ്പെടില്ലേ? പള്ളിയിൽ പോയി നമസ്‌കരിക്കുക. ഹാജി അലിയിൽ ഹനുമാൻ ചാലിസയും ആരതിയും നടത്തിയാൽ ഈ ആളുകൾ അസ്വസ്ഥരാകരുത്- മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ പറഞ്ഞു.

അതേസമയം, എംപിയുടെ പ്രവൃത്തിക്കെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ അജിത് പവാർ‍ എൻസിപി നേതാവും രംഗത്തെത്തി. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് മേധയ്ക്കെതിരെ കേസെടുക്കണമെന്ന് എൻസിപി വക്താവ് രൂപാലി പാട്ടീൽ തോംബ്രെ പൊലീസിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതരത്വത്തെയും ബഹുസ്വരതയേയും ബിജെപി നശിപ്പിക്കുകയാണെന്ന് എഐഎംഐഎം വക്താവ് വാരിസ് പത്താൻ ആരോപിച്ചു.

ബിജെപി എംപി വിദ്വേഷം പരത്തുകയാണ്. മൂന്നു നാല് മുസ്‌ലിം സ്ത്രീകൾ വെള്ളിയാഴ്ച ജുമുഅ സമയത്ത് അവിടെ നമസ്കരിച്ചു. അതുകൊണ്ട് എന്ത് ബുദ്ധിമുട്ടാണുണ്ടായത്? ഹിന്ദുക്കൾ ട്രെയിനിലും എയർപോർട്ടിലും ​ഗർബ നൃത്തമാടുന്നതിൽ ഞങ്ങളൊരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. എഎസ്ഐ സംരക്ഷിത സ്മാരകങ്ങൾ എല്ലാവരുടേതുമാണ്. മൂന്ന് മിനിറ്റ് നമസ്കാരം നിങ്ങളെ വളരെയധികം വിഷമിപ്പിച്ചു. എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നൽകുന്നു. വെറുപ്പ് സൂക്ഷിക്കുന്ന നിങ്ങളുടെ മനസിനെയാണ് നിങ്ങളാദ്യം ശുദ്ധീകരിക്കേണ്ടത്"- അദ്ദേഹം പറഞ്ഞു.

ശുദ്ധികലശ പ്രതിഷേധത്തിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയ മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത്, ബിജെപി എന്തിനാണ് ശനിവാർ വാഡയെ ഒരു തീർഥാടന കേന്ദ്രമായി കണക്കാക്കുന്നതെന്ന് ചോദിച്ചു. ശനിവാർ വാഡയിൽ പേഷ്വാ കാലഘട്ടത്തിലെ ദർഗകൾ ഉണ്ടെന്നും ചരിത്ര ഭരണാധികാരികൾ അതിൽ പ്രശ്‌നമൊന്നും എടുത്തിട്ടില്ലെന്നും സാവന്ത് കൂട്ടിച്ചേർത്തു.

എഎസ്ഐ സംരക്ഷിത സ്മാരമായ ശനിവാർ വാഡയിൽ പ്രാർഥന നടന്നു. ഇതുസംബന്ധിച്ച് എഎസ്ഐ ഉദ്യോ​ഗസ്ഥരുടെ പരാതിയിൽ ഞങ്ങൾ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. എഎസ്ഐ സംരക്ഷിത സ്മാരകമായതിനാൽ‍ അവരുടെ നിർദേശമനുസരിച്ച് ഞങ്ങൾ‍ക്ക് പ്രവർ‍ത്തിക്കേണ്ടതുണ്ട്. സുരക്ഷ വർധിപ്പിക്കും. അതിലൊരു വിട്ടുവീഴ്ചയുമില്ല. എഎസ്ഐയുടെ റെയിലിങ്ങുകളിലോ കോമ്പൗണ്ടുകളിലോ ആരെയും കയറാൻ അനുവദിക്കില്ല"- പൊലീസ് പറഞ്ഞു.

1732ലാണ്, മറാത്താ ചക്രവർത്തി ഷാഹു മഹാരാജാവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമൻ 13 നിലകളുള്ള ശനിവാര്‍ വാഡ കോട്ട നിര്‍മിച്ചത്. 1828ല്‍ തീപിടിത്തത്തിൽ നശിച്ചെങ്കിലും അവശേഷിക്കുന്ന ഭാഗം ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യക്ക്‌ കീഴിലുള്ള സംരക്ഷിത സ്‌മാരകമാണ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News