ബ്രിജ് ഭൂഷണെതിരെ നടപടിയില്ല: ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധത്തിൽ

താരങ്ങൾ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പൊലീസിന് ഡൽഹി വനിതാ കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്

Update: 2023-04-23 11:57 GMT

ന്യൂഡൽഹി: പീഡനപരാതി ആരോപണം ഉയർന്ന ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടി ഉണ്ടാക്കാത്തതിനെതിരെ വനിത ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധത്തിൽ. നാല് മണിക്ക് താരങ്ങൾ മാധ്യമങ്ങളെ കാണും. ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

കഴിഞ്ഞ ജനുവരി അവസാനത്തിൽ ജന്തർ മന്ദിറിൽ താരങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതി നൽകിയിട്ടും ഭൂഷണെതിരെ നടപടിയെടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ജന്തർമന്ദറിൽ പ്രതിഷേധിച്ചത്.

Advertising
Advertising

ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതികൾ അന്വേഷിച്ചു വരികയാണെന്നാണ് പൊലീസിന്റെ വാദം. താരങ്ങൾ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പൊലീസിന് ഡൽഹി വനിതാ കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷൺ സിംഗിന് എതിരെ നടപടി എടുക്കും വരെ ഡൽഹിയിൽ സമരം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. കേന്ദ്ര കായിക മന്ത്രിയെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞ വിനേഷ് ഫോഗട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News