'ക്രിമിനലുകളെ പിന്നെ ആരതിയുഴിഞ്ഞ് പൂജിക്കണോ?'; ബുൾഡോസർ നടപടികളിൽ യോഗി ആദിത്യനാഥ്

2017 മുതൽ ഒരു തരത്തിലുള്ള കലാപങ്ങളും യുപിയിൽ ഉണ്ടായിട്ടില്ലെന്നും എല്ലാ ആഘോഷങ്ങളും സമാധാനപരമായാണ് നടക്കുന്നതെന്നും യോഗി

Update: 2023-08-01 09:34 GMT

ലഖ്‌നൗ: ക്രിമിനലുകൾക്കെതിരായ ബുൾഡോസർ നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകളെ ആരതിയുഴിഞ്ഞ് പൂജിക്കണമെന്നാണോ വിമർശകർ പറയുന്നതെന്നും വികസനത്തിന് വെല്ലുവിളിയായി നിൽക്കുന്നവർക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.

"ക്രിമിനലുകൾക്കും മാഫിയയ്ക്കുമെതിരെ കടുത്ത നടപടികളുണ്ടാവണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ക്രിമിനലുകളെ പിന്നെ ആരതിയുഴിഞ്ഞ് പൂജിക്കണോ? സർക്കാരിന്റെ സ്വത്ത് അനധികൃതമായി കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികളെടുക്കേണ്ടതിന്റെ ഭാഗമായാണ് ബുൾഡോസർ പ്രയോഗം. അത്തരം നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനത്ത് വികസനം നടക്കണമെങ്കിൽ ബുൾഡോസർ പ്രയോഗങ്ങളൊക്കെ കൂടിയേ തീരൂ. മുമ്പൊക്കെ എന്തെങ്കിലും പ്രൊജക്ടുകൾക്ക് അനുമതി ലഭിക്കുകയാണെങ്കിൽ മാഫിയ എത്തി അനധികൃതമായി ഭൂമി കൈക്കലാക്കുകയായിരുന്നു പതിവ്. പണ്ടത്തെ സർക്കാരുകളൊന്നും ഇവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല". യോഗി പറഞ്ഞു.

Advertising
Advertising

സർക്കാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന ആരോപണങ്ങൾ ശരിയല്ലെന്നും സംസ്ഥാനത്ത് ജാതിഭേദമന്യേ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും കൂട്ടിച്ചേർത്ത യോഗി നിരപരാധിയായ ഒരു മുസ്‌ലിം പോലും സംസ്ഥാനത്ത് അനീതി നേരിടുന്നില്ലെന്നും പറഞ്ഞു.

"ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യം വെച്ച് ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പരാതിയുമായി ആർക്കും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും പരിഹാരം കാണുന്നില്ലെന്ന് തോന്നുന്നവർക്ക് കോടതിയെ സമീപിക്കുന്നതിനും തടസമില്ല.

കഴിഞ്ഞ ആറ് വർഷമായി യുപി മുഖ്യമന്ത്രിയാണ് ഞാൻ. 2017 മുതൽ ഒരു തരത്തിലുള്ള കലാപങ്ങളും യുപിയിൽ ഉണ്ടായിട്ടില്ല. ഒരു കർഫ്യൂവോ ഒന്നും തന്നെ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും സമാധാനപരമായായാണ് സംസ്ഥാനത്ത് നടക്കുന്നത്". യോഗി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News