ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ജോണ്‍ കെറിയെ വിമര്‍ശിച്ച് തെരേസ മെയ്

Update: 2017-06-24 20:20 GMT
Editor : Ubaid
ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ജോണ്‍ കെറിയെ വിമര്‍ശിച്ച് തെരേസ മെയ്

ഫലസ്തീന്‍ പ്രദേശത്ത് നടക്കുന്ന വ്യാപക കുടിയേറ്റം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും അധിനിവേശം സ്ഥിരപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കമെന്ന് കരുതുന്നതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നേരത്തെ പറഞ്ഞിരുന്നു

കുടിയേറ്റ വിഷയത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ വിമര്‍ശിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. കെറിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്നും ഇസ്രായേല്‍ സര്‍ക്കാറിനെയും കുടിയേറ്റത്തെയും മാത്രം വിമര്‍ശിക്കുന്നത് ശരിയല്ലെന്നും തെരേസ മെയ് പ്രതികരിച്ചു. അതേസമയം, ബ്രിട്ടന്റെ പ്രതികരണത്തില്‍ യു.എസ് സര്‍ക്കാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു

Advertising
Advertising

ഫലസ്തീന്‍ പ്രദേശത്ത് നടക്കുന്ന വ്യാപക കുടിയേറ്റം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും അധിനിവേശം സ്ഥിരപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കമെന്ന് കരുതുന്നതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്തു വന്നത്. കെറിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്ന് പറഞ്ഞ അവര്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പറഞ്ഞു. ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം അന്യായമാണെന്ന കാര്യത്തില്‍ ബ്രിട്ടന് അഭിപ്രായവ്യത്യാസമില്ല, എന്നാല്‍, ഭീകരതയുടെ ഭീഷണിയില്ലാതെ കഴിയാന്‍ ഇസ്രായേലിനും അവകാശമുണ്ട്. സംഘര്‍ഷത്തില്‍ ഇസ്രായേല്‍ സര്‍ക്കാറിനെയും കുടിയേറ്റത്തെയും മാത്രം വിമര്‍ശിച്ച ജോണ്‍ കെറി ഫലസ്തീനെ കുറിച്ച് മൊനം പാലിച്ചതായും തെരേസ മെയ് കുറ്റപ്പെടുത്തി. യു.എസ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ബന്ധം സ്ഥാപിക്കാനുള്ള തെരേസ മെയ്യുടെ താല്‍പര്യമാണ് പ്രസ്താവനക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനിടെ , ബ്രിട്ടന്റെ പ്രതികരണത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച യു.എസ് സര്‍ക്കാര്‍ ബ്രിട്ടനിന്റെ പ്രഖ്യാപിത നിലപാടില്‍നിന്നുള്ള വ്യതിയാനമാണിതെന്നും ചൂണ്ടിക്കാട്ടി. കെറിയുടെ പ്രസ്താവനയെ പിന്തുണച്ച ജര്‍മനി, ഫ്രാന്‍സ്, കാനഡ, ജോര്‍ഡന്‍, ഈജിപ്ത്, തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയവര്‍ക്ക് യു.എസ് സര്‍ക്കാര്‍ നന്ദി അറിയിക്കുകയും ചെയ്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News