ട്രംപിന് വാര്‍ഷിക ശമ്പളം ഒരു ഡോളര്‍ മതി, അവധിക്കാലം വേണ്ട
പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ ശമ്പളമായി സ്വീകരിക്കൂവെന്നും അവധിക്കാല യാത്രകള്‍ തനിക്കുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
ബരാക് ഒബാമയുടെ പിന്‍ഗാമിയായി അമേരിക്കന്‍ ജനത തെരഞ്ഞെടുത്ത ഡൊണാള്‍ഡ് ട്രംപ് നയം വ്യക്തമാക്കുന്നു. പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ ശമ്പളമായി സ്വീകരിക്കൂവെന്നും അവധിക്കാല യാത്രകള്‍ തനിക്കുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന നാലു ലക്ഷം ഡോളര്‍ തനിക്ക് വേണ്ടെന്നാണ് ട്രംപ് പറയുന്നത്.
സെപ്തംബറില്‍ പ്രചരണത്തിനിടെ നടത്തിയ വാഗ്ദാനമാണ് ഒരിക്കല്‍ കൂടി ട്രംപ് ആവര്‍ത്തിച്ചത്. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, താന്‍ ശമ്പളം വാങ്ങില്ല, ഈ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ നിലവിലെ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ഡോളറെങ്കിലും ശമ്പളമായി സ്വീകരിക്കേണ്ടത് നിര്‍ബന്ധമായതിനാലാണ് ഒരു ഡോളര്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറയുന്നു. അമേരിക്കന്‍ മാധ്യമമായ സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണള്‍ഡ് ട്രംപ്. നമുക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി താന്‍ അത് പൂര്‍ത്തിയാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നികുതി കുറക്കേണ്ടത് ആവശ്യമാണ്. അതുപോലെ ആരോഗ്യപരിരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഒട്ടേറെ പണികളുണ്ട് അങ്ങനെ. അതുകൊണ്ട് തന്നെ നീണ്ട അവധിക്കാലയാത്രകളൊന്നും തനിക്കുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.