ആണവപ്രവര്‍ത്തനം; ഉത്തരകൊറിയ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ട്രംപ്

Update: 2018-05-23 07:48 GMT
Editor : Jaisy
ആണവപ്രവര്‍ത്തനം; ഉത്തരകൊറിയ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ട്രംപ്
Advertising

പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്നപരിഹാര ചര്‍ച്ചകളോട് രാജ്യം സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു

ആണവപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഉത്തരകൊറിയ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്നപരിഹാര ചര്‍ച്ചകളോട് രാജ്യം സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെത്തിയ ട്രംപ് പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തി.

ഉത്തരകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ അനുനയ നീക്കം. കൊറിയന്‍ ഉപദ്വീപില്‍ വലിയ സംഘര്‍ഷത്തിന് വഴിവെക്കാതെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കാന്‍ ഉത്തര കൊറിയ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലെത്തി പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ആണവ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയ പിന്‍മാറണമെന്ന നിലപാട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ആവര്‍ത്തിച്ചു.

ചൈനയും റഷ്യയും ഉത്തരകൊറിയക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നാണ് സൂചന. സൈനിക ആയുധങ്ങള്‍ വാങ്ങുന്നതിനായി ഡോളറുകളുടെ ഇടപാടുകളിലും ഒപ്പുവെച്ചു. എന്നാല്‍ ദക്ഷിണ കൊറിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അമേരിക്കക്ക് നഷ്ടമുണ്ടാക്കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തും എതിര്‍ത്തും തലസ്ഥാനമായ സിയോളില്‍ റാലികള്‍ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൈന , വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ട്രംപ് സന്ദര്‍ശിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News