തുര്‍ക്കിയില്‍ തടവിലായിരുന്ന അമേരിക്കന്‍ പാസ്റ്ററെ മോചിപ്പിച്ചു 

ഭീകരവാദ കുറ്റത്തിന് ജയിലിലായിരുന്ന ആന്‍ഡ്ര്യൂ ബ്രണ്‍സണ്‍ എന്ന പാസ്റ്ററെ വിട്ടയക്കാന്‍ തുര്‍ക്കി കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മോചനം.

Update: 2018-10-13 02:41 GMT

തുര്‍ക്കിയില്‍ തടവിലായിരുന്ന അമേരിക്കന്‍ പാസ്റ്ററെ മോചിപ്പിച്ചു. ഭീകരവാദ കുറ്റത്തിന് ജയിലിലായിരുന്ന ആന്‍ഡ്ര്യൂ ബ്രണ്‍സണ്‍ എന്ന പാസ്റ്ററെ വിട്ടയക്കാന്‍ തുര്‍ക്കി കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മോചനം. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു പാസ്റ്ററെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

2016 ഒക്ടോബറിലാണ് ഭീകരവാദ കുറ്റത്തിന് അമേരിക്കന്‍ പൗരനായ ആന്‍ഡ്ര്യൂ ബ്രണ്‍സണെ തുര്‍ക്കി പൊലീസ് അറസ്റ്റു ചെയ്തത്. തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തില്‍ ആന്‍ഡ്ര്യൂ ബ്രണ്‍സണ് പങ്കുണ്ടായിരുന്നതായാണ് തുര്‍ക്കിയുടെ ആരോപണം. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന വിവാദ പുരോഹിതന്‍ ഫതഹുല്ല ഗുലനുമായും കുര്‍ദ് ഭീകര സംഘടന പി.കെ.കെയുമായും പാസ്റ്റര്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും തുര്‍ക്കി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അമേരിക്ക, പാസ്റ്ററെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ നാറ്റോയിലെ അംഗരാഷ്ട്രങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളാവുകയും തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യമിടിയുകയും ചെയ്തിരുന്നു. പാസ്റ്ററുടെ മോചനത്തോടെ ഇരു രാഷ്ട്രങ്ങളുടേയും ബന്ധത്തില്‍ മഞ്ഞുരുക്കമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Tags:    

Similar News