'ഒപ്പമുണ്ട്'; കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് 50 ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷൻ

ലോകത്തിലെ ഏറ്റവും വലിയ ആംബുലന്‍സ് വളണ്ടിയര്‍ ശൃംഖലയാണ് ഈദി ഫൗണ്ടേഷൻ

Update: 2021-04-24 12:45 GMT

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായവുമായി പാകിസ്ഥാൻ. ഇന്ത്യയിലെ കോവിഡ് രോഗികൾക്കായി 50 ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന   ഫൗണ്ടേഷൻ. 50 ആംബുലൻസുകൾക്ക് പുറമേ അടിയന്തര മെഡിക്കൽ ടെക്നീഷ്യന്മാർ, ഓഫീസ് സ്റ്റാഫ്, ഡ്രൈവർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരെയും ഇന്ത്യയിലേക്ക് അയക്കാൻ തയ്യാറാണെന്ന് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. 

ലോകത്തിലെ ഏറ്റവും വലിയ ആംബുലന്‍സ് വളണ്ടിയര്‍ ശൃംഖലയാണ് ഈദി ഫൗണ്ടേഷൻ.ഫൗണ്ടേഷൻ രക്ഷാധികാരിയായ ഫൈസൽ ഈദി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് മഹാമാരിയുടെ ആഘാതത്തെ തുടർന്ന് ഇന്ത്യയിലെ നിരവധി ജനങ്ങൾ ദുരിതമനുഭവിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ദുഖം തോന്നിയതായും കത്തിൽ പറയുന്നു. ആശുപത്രി കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പ്ലാസ്മ, മരുന്നുകൾ തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ക്ഷാമം നേരിടുന്ന സമയത്താണ് സഹായ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്.

Advertising
Advertising

ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കി സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങള്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. #IndiaNeedsOxygen #IndianLivesMatter #IndiaFightsCOVID19 തുടങ്ങിയ ഹാഷ്ടാ​ഗുകൾ പാകിസ്ഥാന്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. ഇതിനിടയിലാണ് ഇന്ത്യക്ക് സഹായ വാ​ഗ്ദാനം അറിയിച്ചുകൊണ്ട് ഈദി ഫൗണ്ടേഷൻ രം​ഗത്തെത്തിയത്.

ഇന്ത്യ വിഭജനത്തിന് മുമ്പ് 1928 ൽ ഗുജറാത്തിൽ ജനിച്ച മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൾ സത്താർ ഈദിയുടെ മകനാണ് ഫൈസൽ ഈദി. 1947 ലെ വിഭജന സമയത്ത് അദ്ദേഹം പാകിസ്ഥാനിലേക്ക് കുടിയേറി. കഴി‍ഞ്ഞ വര്‍ഷം കറാച്ചിയില്‍ മരണപ്പെട്ട അബ്ദുൾ സത്താർ 'കാരുണ്യത്തിന്‍റെ മാലാഖ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

പാകിസ്ഥാൻ ജയിലുകളിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും അവർക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിലും ഈദി ഫൗണ്ടേഷൻ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News