ഇസ്രായേൽ ആക്രമണം; ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി, മരിച്ചവരിൽ 37 കുട്ടികളും

ഗസ്സയിൽ ഇന്ന് വെളുപ്പിനും കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവും തുടർന്നു

Update: 2021-05-15 04:22 GMT

ഗസ്സയിൽ ആറാം ദിവസവും ഇസ്രായേലിന്റെ രൂക്ഷമായ ബോംബാക്രമണം. മുപ്പതിലേറെ കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു. 900ത്തിലധികം പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ 11 ഫലസ്തീനികളും കൊല്ലപ്പെട്ടു.

ഗസ്സയിൽ കരയുദ്ധത്തിന് ഇസ്രായേൽ തയാറെടുക്കവെ, പ്രശ്നപരിഹാ ചർച്ചക്കായി യു.എസ് പ്രസിഡന്റിന്റെ പ്രതിനിധി തെൽ അവീവിൽ എത്തിയിട്ടുണ്ട്. ഇന്ന് വെളുപ്പിനും കനത്ത വ്യോമാക്രമണവും ഷെല്ലാക്രമണവുമാണ് ഗസ്സയിൽ നടന്നത്. ഇസ്രായേൽ കരസേന ആക്രമണത്തിന് സജ്ജമായി നിൽക്കുകയാണ്. തുടർന്നുകൊണ്ടിരിക്കുന്ന വ്യോമാക്രമണത്തിൽ നിരവിധി ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും തകർന്നു. ഇസ്രായേൽ ആക്രമണത്തിൽ വീടുകൾ തകർന്നതോടെ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങളാണ് അഭയാർഥികളായത്.

Advertising
Advertising

രാജ്യത്ത് സമാധാനാന്തരീക്ഷം ഉണ്ടാകുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. കരുയദ്ധത്തിന്റെ മുന്നോടിയെന്നോണം 9,000 സൈനികരെ ഇസ്രായേൽ അതിർത്തിയിൽ ഒരുക്കിനിർത്തിയിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഹമാസ് അറിയിച്ചു. വെസ്റ്റ് ബാങ്കിലേക്കും സംഘർഷം വ്യാപിക്കുകയാണ്. ഗസ്സ ആക്രമണത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി വെസ്റ്റ് ബാങ്കിൽ തെരുവിലിറങ്ങിയത്. ലോദ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ അറബ് -ജൂത സംഘർഷം രൂക്ഷമായതും നെതന്യാഹു ഭരണകൂടത്തിന് തിരിച്ചടിയായി. ഇസ്രായേൽ ആഭ്യന്തര കലാപത്തി‍ന്റെ വക്കിലാണെന്നു വന്നതോടെ വിദേശ വിമാന കമ്പനികൾ പലതും സർവീസുകൾ റദ്ദാക്കി.

ആക്രമണം നിർത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ മേധാവി അേന്‍റാണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു. പ്രശ്ന പരിഹാരത്തിന് ഇരുപക്ഷവുമായും ചർച്ച നടക്കുകയാണെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രതികരിച്ചു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News