ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ മുംബൈക്കെതിരെ; മോശം റഫറിയിങിന് പരാതിയുമായി മഞ്ഞപ്പടയും

നിലവില്‍ 15 കളികളില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലകളും ആറ് തോല്‍വിയുമായി 15 പോയിന്‍റാണ് കേരളത്തിന്‍റെ സമ്പാദ്യം.

Update: 2021-02-03 13:07 GMT

ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എ.ടി.കെ ബഗാനെതിരെ 2 ഗോളിനു മുന്നി‍ൽ നിന്നിട്ടും 3 ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് അതിന്‍റെ ആഘാതം ഇതുവരേയും മാറിയിട്ടില്ല. നിലവില്‍ 15 കളികളില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലകളും ആറ് തോല്‍വിയുമായി 15 പോയിന്‍റാണ് കേരളത്തിന്‍റെ സമ്പാദ്യം.

മറുവശത്ത് മുംബൈ ആകട്ടെ 14 കളികളില്‍ നിന്ന് ഒന്‍പത് വിജയവും മൂന്ന് സമനിലകളും രണ്ട് തോല്‍വിയുമടക്കം 30 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. കരുത്തരായ മുംബൈക്കെതിരെ ആദ്യ മല്‍സരത്തില്‍ കേരളം രണ്ട് ഗോളിന് തോറ്റിരുന്നു. എന്നാല്‍ അവസാന നാലിലെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാനാകില്ല.

Advertising
Advertising

അതേ സമയം ഐ.എസ്.എല്ലില്‍ റഫറിയിങ് സംബന്ധിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക സമൂഹമായ മഞ്ഞപ്പട ഫിഫക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇമെയിൽ വഴിയാണു ഫിഫയ്ക്ക് മഞ്ഞപ്പട പരാതി നൽകിയിരിക്കുന്നത്. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്), ഐ.എസ്.എൽ സംഘാടകർ എന്നിവർക്കു പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണു ഫിഫയെ സമീപിക്കുന്നതെന്നാണ് മഞ്ഞപ്പട പറയുന്നത്.

മാച്ച് ഒഫീഷ്യലുകളുടെ ഇടപെടൽ കളിയുടെ ഒഴുക്കിനെ ബാധിക്കുന്ന നിലയിലേക്ക് നീങ്ങുന്നതായി മഞ്ഞപ്പടയുടെ സന്ദേശത്തിൽ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് എതിരെ ഒട്ടേറെ പിഴവുകള്‍ റഫറിയിങില്‍ സംഭവിച്ചു. ചില ടീമുകൾക്ക് അനുകൂലമായ തീരുമാനങ്ങളും വന്നു. ഇത് ഇന്ത്യൻ ഫുട്ബോളിന്‍റെ വളർച്ചയെ തന്നെ ബാധിക്കും.

ഗെയിമിന്‍റെ നിലവാരം കുറയ്ക്കുന്ന നടപടികള്‍ യുവതലമുറയെ ഫുട്ബോളില്‍ നിന്ന് അകറ്റുമെന്നും റഫറിയിങ് മെച്ചപ്പെടുത്തുന്നതിന് ഫിഫയുടെ ഇടപെടൽ വേണമെന്നും ഇമെയിലിൽ ആരാധകര്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News