മെസിയെ കാണാനായില്ല, ഗ്രൗണ്ടിലെ കാർപെറ്റടുത്ത് ആരാധകൻ, ടിക്കറ്റ് പൈസ മുതലാക്കാനെന്ന് കമന്റ്
കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസി എത്തിയപ്പോൾ അക്രമാസക്തമായ സംഭവങ്ങൾക്കാണ് വേദയായത്.
കൊൽക്കത്ത: ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ അക്രമാസക്തമായ സംഭവങ്ങൾക്കാണ് വേദയായത്. 12,000 രൂപക്ക് ടിക്കറ്റെടുത്ത് മെസിയെ കാണാനായി എത്തിയ ആരാധകർക്ക് വളരെ കുറച്ച് സമയം മാത്രമാണ് താരത്തിനെ കാണാൻ സാധിച്ചത്. ഇതോടെയാണ് ആരാധകർ ക്ഷുഭിതരായത്.
20 മിനിറ്റിനുള്ളില്‍ സൂപ്പര്‍താരം ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ഇതോടെ രോഷാകുലരായ ആരാധകര്‍ സ്‌റ്റേഡിയത്തിലെ കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ബാനറുകള്‍ കീറുകയും ചെയ്തു. ഒരു ആരാധകന്‍ ടിക്കറ്റെടുത്ത പൈസയ്ക്ക് നഷ്ടപരിഹാരമായി സ്റ്റേഡിയത്തിലെ കാര്‍പെറ്റ് തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
'ടിക്കറ്റിന് ഞാന്‍ 10,000 രൂപ നല്‍കി, പക്ഷെ ലയണല്‍ മെസിയുടെ മുഖം പോലും കാണാന്‍ കഴിഞ്ഞില്ല. നേതാക്കളുടെ മുഖം മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. പരിശീലനത്തിനായി ഞാന്‍ ഈ കാര്‍പെറ്റ് ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നു'-വൈറലായ വീഡിയോയിലെ ആരാധകന്‍ പറയുന്നു.
ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, ഡിപോൾ എന്നിവരോടൊപ്പമാണ് മെസി ഇന്ത്യ സന്ദർശിക്കാനെത്തിയത്. കൂടുതൽ സമയവും സെലിബ്രിറ്റികളുമായി സമയം ചെലവഴിക്കുകയും ആരാധകർക്ക് താരത്തെ കാണാൻ സാധിക്കാതിരിക്കുകയും ചെയ്തു. ഇതോടെ ആരാധകർ സ്റ്റേഡിയത്തിലേക്ക് കുപ്പികൾ എറിയുക അടക്കമുള്ള പ്രവൃത്തികളിലേക്ക് നീങ്ങുകയായിരുന്നു.