മാർക്കസ് ജോസഫിന്റെ ഹാട്രിക്കിൽ തൃശൂർ മാജിക് എഫ്സി ഫൈനലിൽ

ഫൈനലിൽ തൃശൂർ മാജിക് എഫ്സി കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും

Update: 2025-12-15 17:01 GMT

തൃശൂർ: സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് തൃശൂർ കന്നി ഫൈനലിന് യോഗ്യത നേടിയത്. ട്രിനിഡാഡ് ആന്റ് ടൊബാഗോ താരം മാർക്കസ് ജോസഫിന്റെ ഹാട്രിക്കാണ് തൃശൂരിന് വിജയമൊരുക്കിയത്. മലപ്പുറത്തിന്റെ ആശ്വാസ ഗോൾ പിറന്നത് എൽഫോർസിയുടെ ബൂട്ടിൽ നിന്ന്.

പതിനേഴാം മിനിറ്റിൽ തൃശൂർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ പറത്തിയ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. തൊട്ടടുത്ത മിനിറ്റിൽ തൃശൂരിന്റെ ജിയാദ് ഒറ്റയ്ക്ക് മുന്നേറി നടത്തിയ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. 23-ാം മിനിറ്റിൽ തൃശൂരിന്റെ നാല് പ്രതിരോധക്കാർക്കിടയിൽ നിന്ന് മലപ്പുറത്തിന്റെ എൽഫോർസിയുടെ കാലിൽ നിന്ന് പോയ മഴവിൽ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൃശൂർ ആദ്യ ഗോൾ നേടിയത് 26-ാം മിനിറ്റിൽ. ബോക്സിന് തൊട്ടുപുറത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചത് മാർക്കസ് ജോസഫ്. പ്രതിരോധമതിലിൽ നിന്ന നിധിൻ മധുവിന്റെ ശരീരത്തിൽ തട്ടി ദിശമാറിയാണ് പന്ത് മലപ്പുറത്തിന്റെ വലയിൽ കയറിയത്. മൊറൊക്കോ താരം എൽഫോർസിയുടെ ഫ്രീകിക്കിലൂടെ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം സമനില നേടി.

Advertising
Advertising

രണ്ടാംപകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ മലപ്പുറത്തിന് മികച്ച അവസരം ലഭിച്ചു. യുവതാരം അഭിജിത്തിന്റെ പാസ് സ്വീകരിച്ച് എയ്ത്തോർ ആൽഡലിർ തിരിച്ചുവിട്ട പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി. അറുപത്തിയഞ്ചാം മിനിറ്റിൽ മാർക്കസ് ജോസഫിന്റെ ബാക്ക് ഹീൽ പാസ് ഫൈസൽ അലി കരുത്തുറ്റ ഷോട്ടാക്കി മാറ്റിയെങ്കിലും മലപ്പുറത്തിന്റെ പോസ്റ്റിൽ നിന്ന് ഏറെ അകലെയായി. എൺപത്തിനാലാം മിനിറ്റിൽ തൃശൂർ രണ്ടാം ഗോളും ഇഞ്ചുറി സമയത്ത് മൂന്നാം ഗോളും മാർക്കസ് ജോസഫിലൂടെ മലപ്പുറത്തിന്റെ വലയിലെത്തിച്ചു.

ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യപാദം മലപ്പുറം ഒരു ​ഗോളിനും രണ്ടാംപാദം തൃശൂർ 2-1 നും ജയിച്ചിരുന്നു. ലീഗ് റൗണ്ടിൽ 17 പോയിന്റോടെ രണ്ടാം സ്ഥാനം നേടിയാണ് തൃശൂർ സെമിയിൽ പ്രവേശിച്ചത്. 14 പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരായി മലപ്പുറവും അവസാന നാലിൽ ഇടം നേടി. രണ്ടാം സെമി ഫൈനലിന് സാക്ഷിയാവാൻ 11133 കാണികൾ ഗ്യാലറിയിലെത്തി. ഡിസംബർ 19ന് കണ്ണൂർ വാരിയേഴ്‌സ് എഫ്സി - തൃശൂർ മാജിക് എഫ്സി ഫൈനൽ. കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. 

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News