കനയ്യ കുമാർ എൻഡിഎയിലേക്ക്? നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷനായ കനയ്യ സിപിഐയുടെ തീപ്പൊരി നേതാവാണ്

Update: 2021-02-16 04:52 GMT

പട്‌ന: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സിപിഐ യുവനേതാവ് കനയ്യ കുമാർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. ചൗധരിയുടെ പട്‌നയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.

ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷനായ കനയ്യ സിപിഐയുടെ തീപ്പൊരി നേതാവായാണ് അറിയപ്പെടുന്നത്. നിലവിൽ സി.പി.ഐ. കേന്ദ്രനിർവാഹക കൗൺസിൽ അംഗമാണ്. എന്നാൽ കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ. ഹൈദരാബാദിൽ ചേർന്ന പാർട്ടി നേതൃയോഗം കഴിഞ്ഞയാഴ്ച യുവനേതാവിനെതിരെ ശാസനാ പ്രമേയം അവതരിപ്പിച്ചിരുന്നു.

Advertising
Advertising

അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തുന്ന കനയ്യ കുമാർ

കനയ്യയുടെ അനുയായികൾ സി.പി.ഐ പട്‌ന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണെ കൈയേറ്റം ചെയ്തതിന്റെ പേരിലായിരുന്നു നടപടി. യോഗത്തിൽ പങ്കെടുത്ത 110 പ്രതിനിധികളിൽ മൂന്നു പേരുടെ പിന്തുണ മാത്രമാണ് കനയ്യയ്ക്ക് കിട്ടിയിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബേഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു തോറ്റ കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയിരുന്നില്ല.

ആരാണ് അശോക് ചൗധരി

മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളെ അടർത്തിക്കൊണ്ടുവരുന്നതിൽ പേരു കേട്ട നേതാവാണ് അശോക് ചൗധരി. അടുത്തിടെ ബിഎസ്പിയുടെ ഏക എംഎൽഎ സമ ഖാൻ, സ്വതന്ത്ര എംഎൽഎ സുമിത് സിങ് എന്നിവരെ ഇദ്ദേഹം എൻഡിഎയിലെത്തിച്ചിരുന്നു. ഈയിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ഇവർക്ക് ഇടവും നൽകി.

കഴിഞ്ഞയാഴ്ച ലോക്ജൻശക്തി പാർട്ടി(എൽജെപി)യുടെ ഏക എംഎൽഎ രാജ് കുമാർ സിങ്ങിനെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ വീട്ടിലേക്ക് ക്ഷണിച്ച് ചൗധരി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ജെഡിയുവിന്റെ ഭിന്നധ്രുവത്തിൽക്കുന്ന കക്ഷിയാണ് ചിരാഗ് പാസ്വാന്റെ എൽജെപി.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് അച്ചടക്കമുള്ള പ്രവർത്തകനായി മാറുമെങ്കിൽ കനയ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് വ്യക്തമാക്കി.

Tags:    

Similar News