കപിൽ സിബലിന് പിന്നാലെ ആനന്ദ് ശർമ്മയും; വിമർശനമേറ്റ് രാഹുൽ

"ഏതു സാഹചര്യത്തിലാണ് അദ്ദേഹം അത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത് എന്ന് അദ്ദേഹത്തിന് മാത്രമേ വ്യക്തമാക്കാനാകൂ"

Update: 2021-02-25 03:39 GMT

ന്യൂഡൽഹി: കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണ് എന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിൽ കോൺഗ്രസിനുള്ളിൽ വിമർശനം കടുക്കുന്നു. മുതിർന്ന നേതാവ് കപിൽ സിബലിന് പിന്നാലെ പ്രസ്താവനയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മയും രംഗത്തെത്തി. പ്രസ്താവനയിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് ശർമ്മ ആവശ്യപ്പെട്ടു.

'രാഹുൽഗാന്ധി അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം പങ്കുവച്ചതാകാം. ഏതു സാഹചര്യത്തിലാണ് അദ്ദേഹം അത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത് എന്ന് അദ്ദേഹത്തിന് മാത്രമേ വ്യക്തമാക്കാനാകൂ. പ്രസ്താവന സംബന്ധിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകരുത്' - ആനന്ദ് ശർമ്മ പറഞ്ഞു.

Advertising
Advertising

'സ്വാതന്ത്ര്യത്തിന് ശേഷം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ പ്രധാനമന്ത്രിമാരെല്ലാം യുപിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈയിടെ മൻമോഹൻ സിങ്ങും ഉത്തരേന്ത്യയിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. കോൺഗ്രസ് ഒരു മേഖലയെ ഒരിക്കൽ പോലും അവമതിച്ചിട്ടില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിന്റെ പരമാർശം അമേഠിയിലെ ജനങ്ങളോടുള്ള നന്ദികേടാണ് എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമർശനത്തോട്, രാഹുൽ എല്ലായ്‌പ്പോഴും അഖണ്ഡ ഇന്ത്യയ്ക്കു വേണ്ടിയാണ് നില കൊണ്ടിട്ടുള്ളത് എന്ന് ശർമ്മ ചൂണ്ടിക്കാട്ടി.

അമേഠിയിലേക്ക് വരുമ്പോൾ അവിടത്തെ വോട്ടർമാരോട് ഞങ്ങൾക്ക് കടപ്പാടാണ് ഉള്ളത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, ക്യാപ്റ്റൻ സതീശ് ശർമ്മ, രാഹുൽഗാന്ധി എന്നിവരെയെല്ലാം അമേഠിയാണ് തെരഞ്ഞെടുത്തത്. അനാദരവിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. അത് കോൺഗ്രസിന്റെ നയമല്ല. ഞങ്ങൾ അഖണ്ഡ ഇന്ത്യയിൽ വിശ്വസിക്കുന്നു
ആനന്ദ് ശർമ്മ

പ്രസ്താവന രാഹുൽ വിശദീകരിക്കട്ടെ എന്നാണ് കപിൽ സബിൽ പറഞ്ഞിരുന്നത്. 'രാജ്യത്തെ വിഭജിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന ബിജെപിയുടെ ആരോപണം ചിരിച്ചു തള്ളുന്നു. അധികാരത്തിലെത്തിയ ശേഷം സർക്കാറാണ് രാജ്യത്തെ വിഭജിക്കുന്നത്. രാഹുൽഗാന്ധിയുടെ പ്രസ്താവന ഏതു പശ്ചാത്തലത്തിലാണ് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കട്ടെ' - സിബിൽ വ്യക്തമാക്കി.

രാഹുൽ പറഞ്ഞത്

തിരുവനന്തപുരത്തായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. 'പതിനഞ്ചു വർഷം ഞാൻ ഉത്തരേന്ത്യയിൽ നിന്നുള്ള എംപിയായിരുന്നു. ഞാൻ വിവിധ തരത്തിലുള്ള രാഷ്ട്രീയം കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക് വരുന്നത് വളരെ ആഹ്ലാദകരമായിരുന്നു. ഇവിടത്തെ ജനങ്ങൾ കാര്യങ്ങളെ ഉപരിപ്ലവമായി മാത്രമല്ല കാണുന്നത്. വിശദമായി തന്നെ അവർക്ക് കാര്യങ്ങൾ അറിയാം' - എന്നാണ് രാഹുൽ പറഞ്ഞത്.

പ്രസ്താവന ഉത്തരേന്ത്യൻ വിരുദ്ധമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാവ് നടത്തുന്നത് എന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

Tags:    

Similar News