പ്രവര്‍ത്തനം നേരത്തെ നിര്‍ത്തിയതിനെതിരെ ബാങ്കില്‍ പ്രതിഷേധം
പണം തീര്‍ന്നുപോയെന്നും അഞ്ചര വരെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചില്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം
കോഴിക്കോട് മുക്കത്ത് ബാങ്കുകള്‍ നാല് മണിയോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ഇടപാടുകാരെ വലച്ചു. പണം തീര്‍ന്നുപോയെന്നും അഞ്ചര വരെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചില്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം. പ്രതിഷേധത്തെ തുടര്‍ന്ന് ബാങ്കുകള്‍ ആറ് മണിവരെ പ്രവര്‍ത്തനം തുടര്‍ന്നു.
മുക്കം കാനറാ ബാങ്കും ഫെഡറല്‍ ബാങ്കുമാണ് നാല് മണി മുതല്‍ ഇടപാടുകാര്‍ക്ക് പ്രവേശം നിഷേധിച്ചത്. നിരവധിയാളുകള്‍ ഈ സമയവും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബാങ്കുകള്‍ അഞ്ചര വരെ പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദേശം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്നായിരുന്നു മറുപടി.
പണം തീര്‍ന്നുപോയെന്നായിരുന്നു ഫെഡറല്‍ ബാങ്കുകാരുടെ ന്യായീകരണം. പ്രതിഷേധം ശക്തമായതോടെ പണം തീര്‍ന്നിട്ടില്ലെന്നും നാളെ നല്‍കാമെന്നും പറഞ്ഞെങ്കിലും ഇടപാടുകാര്‍ സമ്മതിച്ചില്ല. നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ട് ബാങ്കുകളും ആറുമണി വരെ പ്രവര്‍ത്തിച്ചു.