അഭിഭാഷക - മാധ്യമപ്രവര്‍ത്തക തര്‍ക്കം പരിഹരിക്കാന്‍ ധാരണ
ഹൈക്കോടതിയിലെ സീനിയര്‍ ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രന്‍, പിആര്‍ രാമചന്ദ്രന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരുവനന്തപുരത്ത് അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. ഹൈക്കോടതിയിലെ സീനിയര്‍ ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രന്‍, പിആര്‍ രാമചന്ദ്രന്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേസുകളടക്കം പിന്‍വലിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ കോഡീനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രന്‍, പിആര്‍ രാമചന്ദ്രന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. അഭിഭാഷകര്‍ അടച്ച്പൂട്ടിയ വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂം തുറന്ന് നല്‍കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ ജഡ്ജി വി ഷെര്‍സി ഉറപ്പ് നല്‍കി. പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കോഡീനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകരെ കണ്ട ജസ്റ്റിസുമാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനുള്ള നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്നും ജസ്റ്റിസുമാര്‍ അറിയിച്ചു.