കൊച്ചിയില്‍ ഒരു വിഭാഗം കണ്ടെയ്നര്‍ ലോറി തൊഴിലാളികള്‍ സമരം തുടരുന്നു

Update: 2018-01-04 21:30 GMT
Editor : Sithara
കൊച്ചിയില്‍ ഒരു വിഭാഗം കണ്ടെയ്നര്‍ ലോറി തൊഴിലാളികള്‍ സമരം തുടരുന്നു

സമരത്തെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍‌ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും തടസപ്പെട്ടു.

കൊച്ചിയില്‍ ഒരു വിഭാഗം കണ്ടെയ്നര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍‌ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും തടസപ്പെട്ടു. സമരം തുടരുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായാണ് വ്യാപാരി സംഘടനകളുടെ ആരോപണം.

Full View

ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിയന്‍ മാത്രമാണ് നിലവില്‍ സമര രംഗത്തുള്ളത്. ലോറികളില്‍ ഓവര്‍ ലോഡ് കയറ്റുന്നതിന്റെ പേരില്‍ തൊഴിലാളികളുടെ ലൈസന്‍സ് റദ്ദാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെയാണ് സമരം. കേന്ദ്ര നിയമത്തിന്റ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. തുറമുഖവുമായി ബന്ധപ്പെട്ട ചരക്ക് നീക്കത്തിന് ഇളവ് നല്‍കണമെന്ന ധാരണ നേരത്തെയുണ്ടായിരുന്നുവെന്നും ഇത് മോട്ടോര്‍ വാഹന വകുപ്പ് പാലിക്കുന്നില്ലെന്നുമാണ് തൊഴിലാളികളുടെ ആരോപണം. സീല്‍ ചെയ്ത് ഇറക്കുമതി ചെയ്യുന്ന കണ്ടെയ്നറില്‍ ഭാരവ്യത്യാസം വരുത്താനാവില്ലെന്നും തൊഴിലാളികളും ലോറി ഉടമകളും പറയുന്നു.

സമരം ഉത്പന്ന കയറ്റുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. സമുദ്രോത്പന്ന കയറ്റുമതി മേഖലയില്‍ സമരം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വല്ലാര്‍പാടത്ത് കണ്ടെയ്നറുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. വിഷയത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News