ഗസ്റ്റ് ഹൌസുകള്‍ക്ക് ശുചിത്വം ഇല്ല; ടൂറിസ്റ്റുകളെ പിഴിയരുത്: മുഖ്യമന്ത്രി
കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവേ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം
കേരളത്തിലെ ഗസ്റ്റ് ഹൌസുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃത്തികുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവേ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികളെ പിഴിയുന്ന കേന്ദ്രങ്ങളാകരുതെന്നും സഞ്ചാരികളെ ചൂഷണം ചെയ്യുന്ന സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെയായിരുന്നു സംസ്ഥാനത്തെ ഗസ്റ്റ്ഹൌസുകള്‍ക്ക് ശുചിത്വം ഇല്ലെന്ന വിമര്‍ശം മുഖ്യമന്ത്രി ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മോശമായ അവസ്ഥയാണ് കേരളത്തിലെ ഗസ്റ്റുഹൌസുകളുടേതെന്നായിരന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടക്കുന്ന പകല്‍ കൊള്ളയ്ക്കെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. നിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളെ പിഴിയുന്ന സമീപനമാണ് ഉള്ളത്. ഇത് അവസാനിപ്പിക്കണം. മിതമായ നിരക്കില്‍ മികച്ച ഭൌതിക സൌകര്യങ്ങളൊരുക്കി അതിഥികളെ സ്വീകരിച്ചാല്‍ വലിയ നേട്ടം ടൂറിസം മേഖലയില്‍ ഉണ്ടാകുമെന്നും മുഖ്യന്ത്രി പറഞ്ഞു.
ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക തുടക്കമാണ് കുമരകത്ത് നടന്നത്.