രണ്ടാം മെഡിക്കല്‍ അലോട്ട്മെന്റ് വൈകിയത് അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവും

Update: 2018-05-07 08:20 GMT
Editor : Jaisy
രണ്ടാം മെഡിക്കല്‍ അലോട്ട്മെന്റ് വൈകിയത് അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവും

ഇത് മൂലം കല്‍പ്പിത സര്‍വ്വകലാശാലകളിലടക്കം നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് കേരളത്തിലെ അലോട്ട്മെന്റില്‍ ഇടംകിട്ടിയാലും ഉയര്‍ന്ന ഫീസ് നല്‍കി അവിടങ്ങളില്‍ തന്നെ തുടരേണ്ടി വരും

സംസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ അലോട്ട്മെന്റ് വൈകിയത് അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവും. അഖിലേന്ത്യാ ക്വാട്ട സീറ്റുകളില്‍ രണ്ടാം അലോട്ട്മെന്റില്‍ കേരളത്തിന് പുറത്ത് പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശം ലഭിച്ചാലും തിരിച്ചു വരാന്‍ കഴിയില്ല. ഇത് മൂലം കല്‍പ്പിത സര്‍വ്വകലാശാലകളിലടക്കം നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് കേരളത്തിലെ അലോട്ട്മെന്റില്‍ ഇടംകിട്ടിയാലും ഉയര്‍ന്ന ഫീസ് നല്‍കി അവിടങ്ങളില്‍ തന്നെ തുടരേണ്ടി വരും.

Advertising
Advertising

Full View

അഖിലേന്ത്യാ മെഡിക്കല്‍ കൌണ്‍സിലിങ്ങിന്റെ സൈറ്റില്‍ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും കല്‍പിത സര്‍വ്വകലാശാലകളിലേക്കുമുള്ള അലോട്ട്മെന്റ് നടപടികള്‍ വിശദീകരിക്കുന്ന ചാര്‍ട്ടാണിത്. ഇത് പ്രകാരം രണ്ടാം അലോട്ട്മെന്റില്‍ ഇവിടങ്ങളില്‍ പ്രവേശനം ലഭിച്ചാല്‍ മറ്റെവിടേക്കും മാറാന്‍ കഴിയില്ല. ഈ മാസം എട്ടിനാണ് അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ദീകരിച്ചത്. കേരളത്തിലെ രണ്ടാം അലോട്ട്മെന്റ് വൈകിയപ്പോള്‍ ഈ സ്ഥാപനങ്ങള്‍ ഓപ്ഷനായി നല്‍കിയ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വെട്ടിലായത്. ഇവര്‍ക്ക് ഇനി കല്‍പിത സര്‍വകലാശാലകളേക്കാള്‍ കുറഞ്ഞ ഫീസില്‍ കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ അലോട്ട്മെന്റ് ലഭിച്ചാലും തിരികെ വരാന്‍ കഴിയില്ല.

വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കാന്‍ ഒറ്റ ഉദാഹരണം മാത്രം പരിശോധിച്ചാല്‍ മതിയാവും. കേരളത്തിലെ കല്‍പിത സര്‍വകലാശാലയായ അമൃതയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മലയാളികളാണ്. വാര്‍ഷിക ഫീസ് 15 ലക്ഷം. ഇവര്‍ക്ക് കേരളത്തിലെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നെങ്കില്‍ നല്‍കേണ്ടിയിരുന്നത് അഞ്ച് ലക്ഷം രൂപയും. അഖിലേന്ത്യാ ക്വാട്ടയിലെ രണ്ടാം അലോട്ട്മെന്റിന് മുന്നേ കേരളത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News