ഓണത്തിന് വിഷപച്ചക്കറി എത്താതിരിക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന
മൂന്നാഴ്ചക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും. സാമ്പിളുകളില്‍ വിഷാംശം കണ്ടെത്തിയാല്‍ പച്ചക്കറി എത്തിച്ചവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടിയുണ്ടാകും.
ഓണവിപണിയില്‍ വിഷപച്ചക്കറി എത്തുന്നത് തടയാന്‍ പാലക്കാട് ജില്ലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശമുള്ള ഭക്ഷ്യപദാര്‍ഥങ്ങളുടെ വരവ് തടയാന്‍ നടപടി കര്‍ശനമാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ 16ന് തുടങ്ങിയ പരിശോധന ഒരാഴ്ച കൂടി തുടരും.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പാലക്കാട് ജില്ലയിലെ ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കക്കരി, കറിവേപ്പില എന്നിവയുമായി എത്തിയ ലോറി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പരിശോധിച്ചു. വിഷാംശ പരിശോധനക്കായി പച്ചക്കറിയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
മൂന്നാഴ്ചക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും. സാമ്പിളുകളില്‍ വിഷാംശം കണ്ടെത്തിയാല്‍ പച്ചക്കറി എത്തിച്ചവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടിയുണ്ടാകും. കയറ്റി അയച്ച പ്രദേശത്തുനിന്നുള്ള പച്ചക്കറിയുടെ വരവ് നിരീക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ 16 മുതല്‍ ഇതുവരെ അഞ്ചു ദിവസം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെക്ക്‌പോസ്റ്റിനു പുറമേ പച്ചക്കറി മാര്‍ക്കറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.