ജിഷ വധക്കേസ്: പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു

Update: 2018-05-11 01:37 GMT
Editor : admin
ജിഷ വധക്കേസ്: പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു
Advertising

ജിഷയുടെ അമ്മയ്ക്ക് മാസത്തില്‍ അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനമായി.

Full View

ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷയുടെ വീടിന്റെ നിര്‍മാണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതിന്റെ ചുമതല ജില്ലാകളക്ടര്‍ വഹിക്കണമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി .ജിഷയുടെ സഹോദരിക്ക് ഉടനെ തന്നെ ജോലി കണ്ടെത്തി നല്‍കും. ജിഷയുടെ അമ്മയ്ക്ക് മാസത്തില്‍ അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പത്ത് ദിവസത്തിനുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭയോഗം ഉത്തരവിട്ടു. അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുവെന്ന് യുവജനസംഘടനകള്‍ പരാതിപ്പെടുന്നുണ്ട്. ഇതിന് കാരണം കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് ദിവസേന ചീഫ് സെക്രട്ടറി തലത്തില്‍ വിലയിരുത്തും. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന് കൂടുതല്‍ തുക അനുവദിക്കും, ബജറ്റ് വിഹിതം ഇരട്ടിയാക്കാനും തീരുമാനമായി.

ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അവശരായവര്‍ക്ക് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കും. 13ാം പഞ്ചവല്‍സര പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കും. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ആസൂത്രണ കമ്മീഷന്‍ വേണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

അടിയന്തരമായി മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തും. ഈ മാസം 27ന് ഈ വിഷയത്തില്‍ യോഗം ചേരും. കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി ഒന്നു മുതല്‍ എടുത്തിട്ടുള്ള നിയമവിരുദ്ധമായ വിവാദതീരുമാനങ്ങള്‍ വിശദമായി പരിശോധിക്കും. ഇക്കാര്യം പരിശോധിക്കുന്നതിനായി മന്ത്രി എകെ ബാലന്‍ കണ്‍വീനറായുള്ള മന്ത്രിസഭ സബ്കമ്മറ്റി രൂപീകരിച്ചു. തോമസ് ഐസക്, വിഎസ് സുനില്‍ കുമാര്‍, ഘടകകക്ഷികളിലെ മന്ത്രിമാരും സബ്കമ്മറ്റി അംഗങ്ങളാണ്. നിയമസഭ പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഗവര്‍ണറുടെ തീരുമാനപ്രകാരം നടത്തും. മന്ത്രിമാരുടെ സ്വീകരണങ്ങളില്‍ കുട്ടികളും സ്ത്രീകളും താലപ്പൊലി എടുക്കുന്നത് ഒഴിവാക്കണമെന്ന പൊതുഅഭ്യര്‍ഥന മന്ത്രിസഭ യോഗത്തിലുയര്‍ന്നതായി പിണറായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് തീരുമാനം.

ജിഷവധക്കേസുമായി രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കാണിച്ചുള്ള കത്തിനെ സംബന്ധിച്ചുള്ള ചോദ്യത്തിന്, തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനയത്തെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പിയത് സംബന്ധിച്ച ചോദ്യത്തിന് അവരവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും, എന്ത് കഴിക്കണമെന്നതിന് ഒരു ഓഫീസര്‍‌ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേവരെയുള്ള ഭക്ഷണ സമ്പ്രദായം എന്താണോ അത് തുടര്‍ന്ന് പോകണം. ഇതിന് തടസം നില്‍ക്കുന്നത് മറ്റെന്തിന്റെയെങ്കിലും പേരിലാണെങ്കില്‍ അത് സമ്മതിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐജി സുരേഷ് രാജ് പുരോഹിതിന്റെ അപ്രഖ്യാപിത ബീഫ് നിരോധനം ലംഘിച്ച് തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കുവാന്‍ ഇടത് അനുകൂല സംഘടനകള്‍ അക്കാദമി ക്യാന്റീനില്‍ ബീഫ് വിളമ്പിയത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News