ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷം
പ്രവാചകന്‍ ഇബ്രാഹീമിന്റെയും മകന്‍ ഇസ്മാഈലിന്റെയും ദൈവിക മാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന്റെ ഓര്‍മകളുടെ ആഘോഷമാണ് ബലിപെരുന്നാള്‍
കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹീമിന്റെയും മകന്‍ ഇസ്മാഈലിന്റെയും ദൈവിക മാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന്റെ ഓര്‍മകളുടെ ആഘോഷമാണ് ബലിപെരുന്നാള്‍. ഹജ്ജിന്റെ സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
മകനെ ബലി നല്‍കണമെന്ന ദൈവിക കല്‍പന നിറവേറ്റാന്‍ ഇബ്രാഹീം പ്രവാചകന്‍ ഒരുക്കമായിരുന്നു. ദൈവകല്‍പനയെങ്കില്‍ ഭയമേതുമില്ലാതെ നിറവേറ്റൂവെന്ന് മകന്‍ ഇസ്മാഈല്‍ അറിയിച്ചു. എന്നാല്‍ മകനു പകരം ആടിനെ ബലി നല്‍കിയാല്‍ മതിയെന്നായിരുന്നു പിന്നീട് ദൈവകല്‍പന. ഇബ്രാഹീം അനുസരിച്ചു. ഇബ്രാഹീം പ്രവാചകന്‍, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്.
മാനവികതയും സമാധാനവും സൌഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കണമെന്ന് പാളയം ഇമാം
ജാതി -മത-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മാനവികതയും സമാധാനവും സൌഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ബലിപ്പെരുന്നാള്‍ നല്‍കുന്നതെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൌലവി. തിരുവനന്തപുരത്ത് പെരുന്നാല്‍ നമസ്കാരത്തിന് ശേഷം പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒരുക്കിയ ഈദ് ഗാഹുകളിലും പള്ളികളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.
വിഭാഗീയതയാണ് ലോകമെങ്ങും സമാധാനം തകര്‍ക്കുന്നത്. മാട്ടിറച്ചി പോലുള്ള അനാവശ്യ വിവാദങ്ങളില്‍ കലാപ മനസ്സോടെ പ്രതികരിക്കരുത്. എന്നാല്‍ ഭരണാധികാരികള്‍ മൌനം ഉപേക്ഷിച്ച് സമാധാനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പെരുന്നാള്‍ ദിനത്തില്‍ പ്രതിജ്ഞ ചെയ്യണമെന്നും ഈദ് സന്ദേശത്തില്‍ പാളയം ഇമാം വി പി ഷുഹൈബ് മൌലവി ആഹ്വാനം ചെയ്തു.
തിരുവനന്തപുരം നഗരത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കൂടാതെ, മണക്കാട്, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനി തുടങ്ങിയ ഇടങ്ങളിലും ഈദ് ഗാഹുകളിലേക്ക് ജനങ്ങള്‍ ഒഴുകി.കൊല്ലത്ത് ജോനകപ്പുറം വലിയ പള്ളി, കര്‍ബല മൈതാനം, കൊല്ലം കടപ്പുറം തുടങ്ങിയിടങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുക്കിയിരുന്നു.ആലപ്പുഴ കടപ്പുറത്ത് നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഹക്കീം പാണാവള്ളി നേതൃത്വം നല്‍കി.അവിചാരിതമായി പെയ്ത മഴ മൂലം ജില്ലയില്‍ പലയിടത്തും നമസ്കാരം പള്ളികളിലേക്ക് മാറ്റേണ്ടി വന്നു.
മധ്യകേരളത്തിലും പെരുന്നാള്‍ ആഘോഷം
മധ്യകേരളത്തില്‍ ബലിപ്പെരുന്നാളിന് ഈദ്ഗാഹുകളിലും പള്ളികളിലും നമസ്കാരങ്ങള്‍ നടന്നു. എറണാകുളം ജില്ലയില്‍ രാവിലെ മഴ പെയ്തത് നമസ്കാരത്തിന് തടസ്സമുണ്ടാക്കി.
കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്കാരത്തിന് എ ഐ അബ്ദുള്‍ മജീദ് നേതൃത്വം നല്‍കി. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൊതു മരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മറൈന്‍ ഡ്രൈവിലും വിവിധ പള്ളികളിലും നമസ്കാരത്തിന് നൂറ് കണക്കിന് വിശ്വാസികള്‍ നമസ്കാരത്തിനെത്തിയിരുന്നു. കോട്ടയം തിരുനക്കര പുത്തന്‍ പള്ളി, എരുമേലി നൈനാന്‍ പള്ളി, ഏറ്റുമാനൂര്‍ കൈതമല പള്ളി എന്നിവടങ്ങളില്‍ നമസ്കാരങ്ങള്‍ നടന്നു. എല്ലായിടത്തും നടന്ന പെരുന്നാള്‍ സന്ദേശങ്ങളില്‍ സമുദായം നേരിടുന്ന വെല്ലുവിളകളും പ്രതിസന്ധികളുംമറികടക്കാന്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം മുന്നോട്ട് പോകാന്‍ ഉദ്ബോധിപ്പിച്ചു. ത്യാഗത്തിന്റെ സ്മരണകളുയര്‍ത്തി നടന്ന നമസ്കാരത്തിന് ശേഷം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്ക് വെക്കലുകളുമായി കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും.
വടക്കന്‍ കേരളം
വടക്കന്‍ കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നടന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ വിശ്വാസി സമൂഹം ഒഴികിയെത്തി. കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുള്‍പ്പെടെ കോഴിക്കോട്ടെ വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. . കടപ്പുറത്ത് നടന്ന പെരുന്നാള്‍ നമസ്കാരത്തിന് മുജാഹിദ് നേതാവ് ശരീഫ് മേലേതില്‍ നേതൃത്വം നല്‍കി.. ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളിലേക്ക് വിശ്വാസികള്‍ തിരിയരുതെന്ന് അദ്ദേഹം പറഞ്ഞു
ഇ എന്‍ ഇബ്രാഹിം മൊലവിയാണ് കണ്ണൂര്‍ സിറ്റി ജുമ മസ്ജിദില്‍ നടന്ന നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. യൂണിറ്റി സെന്‍ററില്‍ ടി കെ മുഹമ്മദലിയുടെയും പുതിയ തെരു നിത്യാനന്ദ സ്കൂള്‍ ഗ്രൌണ്ടില്‍ എ പി ഷംസീറിന്‍റെയും നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്കാരം . കാസര്‍കോട് മാലിക് ദിനാര്‍ ജുമ മസ്ജിദില്‍ ഹത്തീബ് മജീദ് ബാഖഫിയും ആലിയ ഈദ്ഗാഹില്‍ ഇമാം ഖലീല്‍ റഹ്മാന്‍ നഖ്വിയുടെയും നേതൃത്വത്തിലായിരുന്നു ഈദ് നമസ്കാരം മലപ്പുറം കാന്തപുരത്ത് നടന്ന ഈദ് ഗാഹിന് ജമഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീീസ് നേതൃത്വം നല്‍കി.
മഞ്ചേരി വി പി ഹാളില്‍ വി കെ അഷറഫ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്കാരം പാലക്കാട്ജില്ലയിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്കാരത്തിന് വിവിധ ഇമാമുമാര്‍ നേതൃത്വം നല്‍കി.