പാതയോരത്തെ മദ്യശാല നിരോധനം; ഇളവ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാം
പാതയോരത്തെ മദ്യശാല നിരോധന പരിധിയിൽ നിന്ന് പഞ്ചായത്തകളെ ഒഴിവാക്കുന്നത് സംസ്ഥാനങ്ങൾക്ക് വിട്ട് സുപ്രീംകോടതി കോടതി
പാതയോരത്തെ മദ്യശാല നിരോധന പരിധിയിൽ നിന്ന് പഞ്ചായത്തകളെ ഒഴിവാക്കുന്നത് സംസ്ഥാനങ്ങൾക്ക് വിട്ട് സുപ്രീംകോടതി കോടതി. ഇത് സംബന്ധിച്ച 2016 ലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്ത്കളിലെ മദ്യ വിൽപ്പനയിൽ ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം. ഇതോടെ കേരളത്തിൽ പൂട്ടിക്കിടക്കുന്ന പാതയോര മദ്യശാലകൾ തുറക്കാനുള്ള സാഹചര്യം ഒരുങ്ങി.
ദേശിയ സംസ്‌ഥാന പാതയോരത്തെ 500 മീറ്റർ പരിധിയിലെ മദ്യശാലകൾ നിരോധിച്ച 2016 അഗസ്റ്റിലെ ഉത്തരവണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം ദേശീയ പാതയോരത്തെ മദ്യനിരോധനം ഇനിമുതൽ സംസ്ഥാന സർക്കാറുകളുടെ തീരുമാനത്തിനനുസരിച്ചാകും. മദ്യശാലയ്ക്ക് അപേക്ഷിക്കുന്ന സ്ഥലം നഗരമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടു. കൂടാതെ ബാറുടമകള്‍ പ്രവര്‍ത്തനാനുമതിക്ക് സമീപിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനെയാണ് എന്നും സുപ്രീംകോടതി വ്യക്തത വരുത്തി. 2016 ലെ ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. സമാനമായ ആവശ്യം ഉന്നയിച്ച് അസ്സം ,പശ്ചിമബംഗാൾ സംസ്ഥാനങ്ങളും സുപ്രീംകോടതിയിലെത്തിയിരുന്നു.
സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നിരോധന ഉത്തരവിന്റെ പരിധിയില്‍ നിന്ന് 2017 ജൂലൈയിൽ മുന്‍സിപ്പല്‍ മേഖലകളെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിന് ശേഷവും , പാതയോരങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ സാധിക്കാത്ത 520 കള്ള് ഷാപ്പുകളും, 12 മദ്യവില്‍പ്പന ശാലകളും സംസ്ഥാനത്ത് പൂട്ടി കിടക്കവെയാണ് കോടതിയുടെ പുതിയ ഭേദഗതി ഉത്തരവ്. ഇതോടെ ഇവ തുറക്കാനുള്ള സാഹചര്യം ഒരുങ്ങി.