ജമാഅത്തെ ഇസ്‌ലാമി വർഗീയ സംഘടനയല്ല; വെൽഫെയർ പാർട്ടി അംഗീകൃത രാഷ്ട്രീയ പാർട്ടി: എ.നജീബ് മൗലവി
അംഗീകൃത രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. അവർ ഇടതിനെയും വലതിനെയും പിന്തുണച്ചിട്ടുണ്ട്. വോട്ട് കിട്ടുമ്പോൾ ആരും വേണ്ട എന്ന് പറയില്ല. ഇതിലും വലുത് അപ്പുറത്ത് കിട്ടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമാണ് ഇത് വേണ്ട എന്ന് പറയുകയെന്നും നജീബ് മൗലവി പറഞ്ഞു
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വർഗീയ പാർട്ടിയല്ലെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ.നജീബ് മൗലവി. വർഗീയതയുടെ സ്വഭാവം ജമാഅത്തെ ഇസ്‌ലാമിയിൽ ഇല്ല. രാജ്യത്ത് വർഗീയ പാർട്ടിയെന്ന് പറയേണ്ട ഒന്നും അവരിലില്ല. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തിനെ നിരോധിച്ചു. ആർഎസ്എസിനൊപ്പം മുസ്‌ലിം സംഘടനകളെയും നിരോധിക്കണമല്ലോ എന്ന് കരുതിയാണ് അവരെയും നിരോധിച്ചത്. അന്ന് താജുൽ ഉലമ സദഖത്തുല്ല മുസ്‌ലിയാർ പറഞ്ഞത് ജമാഅത്ത് വർഗീയ സംഘടനയല്ല എന്നാണ്. ബാബരി മസ്ജിദ് തകർത്തപ്പോഴും ആർഎസ്എസിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു. അന്നും അത് വർഗീയ സംഘടനയല്ല എന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് നജീബ് മൗലവി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മമ്പാട് നടുവക്കാട് നടന്ന പരിപാടിയിലായിരുന്നു നജീബ് മൗലവി നിലപാട് വ്യക്തമാക്കിയത്.
അതിന് ശേഷമാണ് വെൽഫെയർ പാർട്ടി രൂപീകരിച്ചത്. രാജ്യത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുക. വെൽഫെയർ പാർട്ടിയെ ഒരു വർഗീയ പാർട്ടിയായി കാണാത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് അംഗീകാരം നൽകിയത്. ബാബരി മസ്ജിദ് തകർത്ത കാലത്ത് നിരോധിക്കപ്പെട്ടപ്പോൾ നിയമപോരാട്ടത്തിലൂടെയാണ് ജമാഅത്തെ ഇസ്‌ലാമി അത് മറികടന്നത്. ജമാഅത്ത് ഒരു വർഗീയ സംഘടനയാണെന്ന് തെളിയിക്കാൻ അന്നും കഴിഞ്ഞിട്ടില്ല.
നിലവിൽ രാജ്യത്തെ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന അംഗീകൃത രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. അവർ ഇടതിനെയും വലതിനെയും പിന്തുണച്ചിട്ടുണ്ട്. കൂടുതൽ ഇടതിനെയാണ് പിന്തുണച്ചത്. അടുത്ത കാലത്താണ് വലതിനെ പിന്തുണയക്കാൻ തുടങ്ങിയത്. വോട്ട് കിട്ടുമ്പോൾ ആരും വേണ്ട എന്ന് പറയില്ല. ഇതിലും വലുത് അപ്പുറത്ത് കിട്ടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമാണ് ഇത് വേണ്ട എന്ന് പറയുക. വെൽഫെയർ പാർട്ടി നിലവിൽ രാജ്യത്തെ ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടി മാത്രമാണ്. വേണമെങ്കിൽ ഒരു മുസ്‌ലിം പാർട്ടിയെന്ന് പറയാം. അല്ലാതെ ഒരു വർഗീയ സംഘടനയുടെ സ്വഭാവം ജമാഅത്തിനില്ലെന്ന് നജീബ് മൗലവി പറഞ്ഞു.