ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താവാന്‍ മീനങ്ങാടി
കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തില്‍ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി
കാര്‍ബണ്‍ സന്തുലിത പഞ്ചായത്താവാനുള്ള മീനങ്ങാടി ഗ്രാമപഞ്ചായത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഒരു വയസ്സ്. കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തില്‍ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാനൊരുങ്ങുകയാണ് വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത്. മനുഷ്യന്‍റെ ഇടപെടല്‍ കൊണ്ടുള്ള കാര്‍ബണ്‍ ശ്രവത്തെ അതേ തോതില്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കുകയാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവിക വനത്തിന്‍റെ വ്യാപ്തി കൂട്ടിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. പദ്ധതിയിലൂടെ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും അളവ് നിയന്ത്രണവിധേയമാക്കും.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങുകയാണ് മീനങ്ങാടി പഞ്ചായത്ത്. പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍ക്ക് പകരം സൗരോര്‍ജം ഉപയോഗിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെയെല്ലാം കൂട്ടായ ശ്രമമാണ് പദ്ധതിയുടെ ഊര്‍ജം. ജനകീയ പങ്കാളിത്തത്തോടെയുള്ള വനവത്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷം, ജൈവകൃഷി എന്നിവയും നടക്കുന്നു. 2020ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.