വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്; ദിലീപിനെതിരെ തിരക്കഥാകൃത്ത് റഫീഖ്

Update: 2018-05-29 15:45 GMT
Editor : Jaisy
വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്; ദിലീപിനെതിരെ തിരക്കഥാകൃത്ത് റഫീഖ്

ദിലീപ നായകനായ പടനായകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് റഫീഖ് സീലാട്ട്

നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്. തന്നോടുള്ള താരത്തിന്റെ ശത്രുതയെക്കുറിച്ചും അതിന് കാരണമായ സംഭവത്തെക്കുറിച്ചുമാണ് റഫീഖിന്റെ പോസ്റ്റ്. വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്. ഇപ്പോള്‍ ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചില്ല. കാരണം ഞാന്‍ നിന്നെപ്പോലെ ഒരു ചെറ്റയെല്ലെടാ ...റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. സുന്ദരി നീയും സുന്ദരന്‍ ഞാനും, സയാമീസ് ഇരട്ടകള്‍, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, പടനായകന്‍, ദി ഗുഡ് ബോയ്സ്, ഭാര്യവീട്ടില്‍ പുരമസുഖം, ഈ മഴ തേന്‍മഴ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് റഫീഖ്. ഇതില്‍ പടനായകന്‍ എന്ന ചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്ററംബര്‍ 3 വരെ ഞാന്‍ ഗോപാലക്യഷ്ണന്‍ എന്നാണ് വിളിച്ചിരുന്നത്. പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്നില് ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി. ഓര്‍മ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില് അര്‍മാതിച്ചിരുന്നപ്പപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില് എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹ്യദയം കൊണ്ട് ബ്രാഹ്മിണനായ ഈ ഭിക്ഷുവിനെ. അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില് ഞാന്‍ കുറിച്ചിട്ടിരുന്നു. നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരന്‍ ഇവിടെ മരിച്ചു. ശേഷക്രിയകള്‍ ചെയ്യുവാന്‍ കല്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാന്‍. എന്റെ ഊഴമാണ് ഇനി. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലര്‍ച്ചയാണ് ഞാന്‍ അപ്പോള് കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.

നീണ്ട 20വര്‍ഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാന്‍ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാന്‍ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ. ദുര്യോധന വംശിതനായ ഞാന്‍ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല. പക്ഷേ ശകുനിയായ നിനക്കതറിയാം.ഇന്ന് എന്റെ ഊഴമാണ്.ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം. നീ അന്ന് മലയാള സിനിമയില് ആരുമല്ല. എന്റെ പടനായകന്‍ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച്‌ ഞാന്‍ പ്ളാന്‍ ചെയ്യുന്നു. നിര്‍മ്മാതാക്കള്‍ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവര്‍ തീര്‍ത്തു പറഞ്ഞു.

അവരുടെ കൈയും കാലും പിടിച്ച്‌ നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരന്‍ നിര്‍മ്മാതാവിനെ നിര്‍ബ്വന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിങ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള് ക്യാമ്ബ് ചെയ്യുന്ന എറണാകുളത്തെ ഓര്‍ക്കിഡ് ഹോട്ടലിന്റെ ടെറസ്സില് ഞാന്‍ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവന്‍ തല കിഴായി നില്‍ക്കുന്ന നിന്റെ കാലില്‍ പിടിച്ചിരിക്കുന്നു. അവന്റെ കൈയൊന്നു തെറ്റിയാല് നീ ഇന്ന് ഈ ഭൂമിയില് ഓര്‍മ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം. അന്ന് ഞാന്‍ അവിടെ സദാചാര പൊലീസ് കളിക്കുകയായിരുന്നില്ല, നിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഞാന്‍ നിന്നെ ശകാരിച്ചത്. നിര്‍ഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.

ഈ വാര്‍ത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വര്‍ദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയക്കുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീര്‍ത്ത് ഒരു മാധ്യമ പ്രവര്‍ത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില് പിറന്ന ഒരു സഹസംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വാട്ടേഷന്‍ ഏല്‍പ്പിച്ചു. അവന്‍ അച്ചടി ഭാഷയില്‍ എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച്‌ ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവന്‍ മാറി. സഹ സംവിധായകന്‍ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു. വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്. ഇപ്പോള്‍ ഈ വാര്‍ത്ത കേട്ടപ്പോള് ഞാന്‍ സന്തോഷിച്ചില്ല. കാരണം ഞാന്‍ നിന്നെപ്പോലെ ഒരു ചെറ്റയെല്ലെടാ...സുഹൃത്തുക്കളെ,ഇവന്‍ എനിക്കും മറ്റ് പല സഹ പ്രഹര്‍ത്തകര്‍ക്കും നല്കിയ സ്വര്‍ണ്ണ പാര നിങ്ങള് കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ പങ്ക് വെക്കാന്‍ ഞാനും തയ്യാറാണ്...റഫീക് സീലാട്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News