ചീമേനിയില്‍ റിട്ട.അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്; മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല
ആറുമാസത്തിനിടെ ഉണ്ടായ 126 കവര്‍ച്ചാ കേസുകളില്‍ 41 പേരെ മാത്രമെ ഇതുവരെ പിടികൂടിയിട്ടുള്ളു
കാസര്‍കോട് ചീമേനിയില്‍ റിട്ട.അധ്യാപികയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായില്ല. ആറുമാസത്തിനിടെ ഉണ്ടായ 126 കവര്‍ച്ചാ കേസുകളില്‍ 41 പേരെ മാത്രമെ ഇതുവരെ പിടികൂടിയിട്ടുള്ളു. ജില്ലയില്‍ മോഷണവും അക്രമവും പെരുകുമ്പോഴും അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്.
കാസര്‍കോട് ജില്ലയില്‍ മോഷണവും അക്രമവും പെരുകുമ്പോഴും പൊലീസ് അന്വേഷണം കാര്യക്ഷമമാവുന്നില്ലെന്ന് പരാതി. കഴിഞ്ഞ ആറ് മാസത്തിനിടെ ജില്ലയില്‍ നടന്നത് 126 കവര്‍ച്ചകള്‍. ഇവയില്‍ പിടികൂടാനായത് 41 പേരെ മാത്രം. റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്നശേഷം കവര്‍ച്ച നടത്തിയ സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞും പ്രതികളെ കുറിച്ചുള്ള സൂചന പോലൂം പൊലീസിന് ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
ഡിസംബര്‍ പതിനാലിനാണ് ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക വി പി ജാനകിയെ മുഖം മൂടിസംഘം കഴുത്തറുത്ത് കൊന്നത്. കൊലയ്ക്ക് ശേഷം സ്വര്‍ണ്ണവും പണവും സംഘം കവര്‍ച്ച നടത്തി. പ്രത്യേക പൊലീസ് ടീമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. എന്നാല്‍ ഈ സംഘത്തിന്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. കവര്‍ച്ചയും അക്രമങ്ങളും പെരുകുമ്പോഴും പൊലീസ് ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ആരോപണമുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വേലേശ്വരത്ത് കയര്‍ കഴുത്തില്‍ ചുറ്റി ബോധരഹിതയാക്കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന സംഭവം. ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 20 പിടിച്ചുപറി, 71 കവര്‍ച്ച, 23 വാഹനമോഷണം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പിടികൂടാനായത് 41 പേരെ മാത്രമാണ്.