ഭക്ഷ്യവസ്തുക്കള്‍ക്ക് അന്തര്‍സംസ്ഥാന നികുതിയില്ല; മായം പരിശോധിക്കാന്‍ ഭക്ഷ്യവകുപ്പിന് ഉദ്യോഗസ്ഥരുമില്ല

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും പരിശോധന. അതിര്‍ത്തിയില്‍ പരിശോധനക്കായി സ്ഥിരം സംവിധാനമെന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിഗണനയില്‍ പോലുമില്ല.

Update: 2018-06-30 06:44 GMT
Advertising

രാസവസ്തുക്കള്‍ കലര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ അതിര്‍ത്തി കടന്നെത്തുമ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനാകാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് വകുപ്പിന് മുന്നിലെ വെല്ലുവിളി. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‍വാക്കായി.

ഓപ്പറേഷന്‍ സാഗര്‍റാണി, രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം പിടികൂടുന്നതിനുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കര്‍മ്മപദ്ധതി. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ മായം കലര്‍ന്ന 28000 കിലോ മത്സ്യമാണ് സംസ്ഥാനത്തെ വിവിധ ചെക്പോസ്റ്റുകളില്‍ പിടികൂടിയത്. പിന്നാലെ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി കെ കെ ശൈലജയുടെ പ്രഖ്യാപനവും വന്നു. എന്നാല്‍ ഈ പ്രഖ്യാപനം വാക്കുകളില്‍ മാത്രം. കൃത്യമായ പരിശോധനയില്ലാതെ ഇപ്പോഴും മത്സ്യം കയറ്റിയ വാഹനങ്ങള്‍ കേരളത്തിലേക്കെത്തുന്നു. ഇങ്ങനെ കേരളത്തിലേക്ക് എത്ര ടണ്‍ മത്സ്യമെത്തുന്നു എന്നതിന് കൃത്യമായ കണക്കുകളുമില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് അന്തര്‍സംസ്ഥാന നികുതിയില്ലാത്തത് കൊണ്ടാണ് കണക്കുകളില്ലാത്തതെന്നാണ് വിശദീകരണം.

ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ പോയിട്ട് വകുപ്പിന് വേണ്ടത്ര വാഹനങ്ങള്‍ പോലുമില്ല. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോഴും പരിശോധന. അതിര്‍ത്തിയില്‍ പരിശോധനക്കായി സ്ഥിരം സംവിധാനമെന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിഗണനയില്‍ പോലുമില്ല.

അതിര്‍ത്തി കടന്ന് എത്ര ടണ്‍ മത്സ്യം കേരളത്തിലേക്ക് എത്തുന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല. ഇത് പരിശോധിക്കാന്‍ വേണ്ടത്ര സംവിധാനങ്ങളുമില്ല. പ്രഖ്യാപനങ്ങളെല്ലാം വാക്കുകളില്‍ മാത്രം ഒതുങ്ങി.

Tags:    

Similar News