എട്ടുവർഷമായി സഹിക്കുന്ന ദുഃഖത്തിനുള്ള നീതി പോലും കിട്ടിയില്ല, ശിക്ഷാവിധിയിൽ അസംതൃപ്തി: ഉമ തോമസ്
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് എംഎൽഎ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷാവിധിക്കു പിന്നാലെ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. വിധിയിൽ അസംതൃപ്തയാണെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പ്രതികരിച്ചു. ഇരയ്ക്ക് നീതി കിട്ടിയില്ല, അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധിയെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് എംഎൽഎ ആരോപിച്ചു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്. ഇത്രയും നാൾ ആ കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടുവർഷമായി അതിജീവിത സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷികളിൽ ഒരാളായിരുന്നു അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി തോമസ്. അദ്ദേഹം സ്വന്തം മകൾക്ക് അപകടം നേരിട്ട പോലെയാണ് വിഷയത്തിൽ ഇടപെട്ടതെന്ന് ഭാര്യയായ ഉമ തോമസ് പറഞ്ഞിരുന്നു. മൊഴി നൽകുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് സമ്മർദങ്ങൾ ഉണ്ടായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞിരുന്നു.
കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ലെന്നാണ് വിധിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ നിരീക്ഷണം. പ്രതികളുടെ പ്രായം, കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും ജഡ്ജി നിരീക്ഷിച്ചു.