വിഷമീനുകളെ തിരിച്ചറിയാന്‍ സ്ഥിരം പരിശോധനയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍

മീനുകള്‍ കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടി. പരിശോധനാ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Update: 2018-07-04 02:01 GMT

മീനുകളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്നറിയുന്നതിനു വേണ്ടി സ്ഥിരം പരിശോധന നടത്താന്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ തീരുമാനം. നഗരപരിധിയിലെ മത്സ്യമാര്‍ക്കറ്റുകളിലും വിതരണകേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

മീനുകള്‍ കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടി. പരിശോധനാ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആവശ്യമായ പരിശീലനം നല്‍കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കു നിയോഗിക്കും. മത്സ്യ മാര്‍ക്കറ്റുകളിലും കോള്‍ഡ് സ്റ്റോറേജുകളിലും പരിശോധന കര്‍ശനമാക്കും. ഇതിനായി സ്ഥിരം സംവിധാനം നടപ്പാക്കാനാണ് തീരുമാനം.

നേരത്തെ നഗരത്തിലെ 28 ഐസ് ഫാക്ടറികളില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. മീനുകളില്‍ ഉപയോഗിക്കുന്ന ഐസില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പക്ഷേ കോളിഫോം ബാക്ടീരിയയുടെ അളവ് വലിയ തോതില്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നും ഐസ് ഫാക്ടറികളില്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

Tags:    

Similar News