തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ സംയുക്ത പ്രക്ഷോഭം

തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ തീരുമാനിച്ചു.

Update: 2018-07-04 13:54 GMT
Advertising

തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭം. തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ തീരുമാനിച്ചു. പണിമുടക്ക് അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കാനും യൂണിയനുകള്‍ ആലോചിക്കുന്നുണ്ട്

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി ആയ ശേഷമുള്ള പരിഷ്‌കാരങ്ങളാണ് ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണെന്നാണ് ആക്ഷേപം. കോടതി നിര്‍ദേശവും മറികടന്ന് അശാസ്ത്രീയമായ ഡ്യൂറ്റ് പാറ്റേണ്‍ നടപ്പിലാക്കുന്നു, പ്രമോഷന്‍ തടഞ്ഞു, ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും ഇല്ല, മെഡിക്കല്‍ അഡ്വാന്‍സും കൊടുക്കുന്നില്ല. ഇതിനെ പ്രതിഷേധിക്കാനുള്ള അവകാശവും പുതിയ എം ഡി നിഷേധിച്ചു.

Full View

വാടകക്ക് ബസിറക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കെഎസ്ആര്‍ടിസിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണെന്നും ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സംയുക്ത പ്രക്ഷോഭത്തിലേക്ക് ട്രേഡ് യൂണിയുകള്‍ എത്തിയത്. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വൈക്കം വിശ്വന്‍, കെ പി രാജേന്ദ്രന്‍, തമ്പാനൂര്‍ രവി, വിഎസ് ശിവകുമാര്‍, എംജി രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. ജൂലൈ 10 ന് എല്ലാ യൂണിറ്റുകളിലും അവകാശ പ്രഖ്യാപന സമ്മേളനം നടത്തു. 24ന് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തും. പണിമുടക്കും ആ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

Tags:    

Similar News