വ്യവസായ സംരംഭങ്ങള്‍ക്കുള്ള പാര്‍ട്ടി വിലക്ക് തുടരുന്നു: പ്രവാസിയുടെ തൊഴില്‍സംരംഭ ഭൂമിയില്‍ ഡിവൈഎഫ്ഐ കൊടിനാട്ടി
കുവൈറ്റിലെ ബാങ്കില്‍ നിന്നും വായ്പയെടുത്ത് കോഴിക്കോട് എംബി റെജി നിര്‍മിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്ഐ കൊടി നാട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി മുടങ്ങിയത്.
പ്രവാസിയുടെ തൊഴില്‍ സംരംഭത്തിന് പാര്‍ട്ടി വിലക്ക് തുടരുന്നു. കുവൈറ്റിലെ ബാങ്കില്‍ നിന്നും വായ്പയെടുത്ത് കോഴിക്കോട് തണ്ണീര്‍പന്തലില്‍ എംബി റെജി നിര്‍മിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്ഐ കൊടി നാട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി മുടങ്ങി കിടക്കുന്നത്.
സര്‍വീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷന്‍. നിര്‍മാണം പാതിവഴിയിലെത്തിയപ്പോള്‍ പുഴമലിനമാകുമെന്ന് ആരോപിച്ച് പാര്‍ട്ടി തന്നെ പാര്‍ട്ടി കുടുംബത്തില്‍ പെടുന്നയാളുടെ സംരഭത്തിന് വിലക്ക് കല്‍പിച്ചു. സ്ഥലത്ത് ഡിവൈഎഫ്ഐ കൊടിയും നാട്ടി. പിന്നെ തൊഴിലാളികളെ ഭീഷണിപെടുത്തി നിര്‍മാണം നിര്‍ത്തിവെപ്പിയ്ക്കുകയായിരുന്നുവെന്നും പ്രവാസിയായ റെജിയുടെ കുടുംബം ആരോപിക്കുന്നു.
എല്ലാത്തിനും കാരണം ചില നേതാക്കള്‍ ചോദിച്ച പണം നല്‍കാത്തതാണെന്നാണ് പ്രവാസിയുടെ കുടുംബത്തിന്റെ ആരോപണം. റെജിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും സിസിടിവി തകര്‍ത്തതിനും പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ പോലീസ് കേസും നിലനില്‍ക്കുന്നു. സര്‍വീസ് സ്റ്റേഷന്‍ വന്നാല്‍ പുഴ മലിനമാവുകയും കുടിവെള്ളം ഇല്ലാതാവുകയും ചെയ്യുമെന്നതിനാലാണ് സമരമെന്നാണ് സിപിഎം വിശദീകരണം.
പുഴ മലിനമാകില്ലെന്നും ആധുനിക സംവിധാനത്തോടെ നിര്‍മിക്കുന്ന ടാങ്കില്‍ നിന്നും പുഴയിലേക്ക് 70 മീറ്ററില്‍ അധികം ദൂരമുണ്ടെന്നുമാണ് ഉടമകളുടെ വാദം.