അഭിമന്യു വധം: കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു

എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തെത്തിയ അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ള നേതാക്കളോട് ജീപ്പിലേക്ക് കയറാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിട്ടയച്ചു

Update: 2018-07-16 14:10 GMT

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കസ്റ്റഡിയിൽ എടുത്ത എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പൊലീസ് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് എസ്.ഡി.പി.ഐ പ്രഖ്യാപിച്ച ഹർത്താൽ പിന്‍വലിച്ചു.

എറണാകുളം പ്രസ് ക്ലബിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മറ്റിയുടെ വാർത്താസമ്മേളനം. രണ്ട് മണിയോടെ വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തെത്തിയ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ള നേതാക്കളോട് ജീപ്പിലേക്ക് കയറാൻ കാത്ത് നിന്ന പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

Advertising
Advertising

സംസ്ഥാന പ്രസിഡന്റിനെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി, സംസ്ഥാന പ്രസിഡന്റിന്റേയും ജില്ലാ പ്രസിഡന്റിന്റേയും ഡ്രൈവർമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ഡി.സി.പി ലാൽ ജി യുടെ നേതൃത്വത്തിൽ അഭിമന്യു കേസന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്തു.

Full View

ഏതാണ്ട് അഞ്ച് മണിയോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. അഭിമന്യു വധക്കേസുമായി ബന്ധപ്പെടുത്തി തങ്ങളെ അപമാനിക്കുകയാണ് സി.പി.എമ്മും പൊലീസുമെന്ന് നേതാക്കൾ പറഞ്ഞു.

നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ചോദ്യംചെയ്ത ശേഷം വിട്ടയച്ചതോടെ ഹര്‍ത്താല്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചോദിക്കാൻ മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags:    

Similar News