50 ഓളം വീടുകളില്‍ വെള്ളം കയറി; ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പാമ്പാടിത്താഴത്തെ നാട്ടുകാര്‍

Update: 2018-07-19 06:29 GMT
Advertising

മഴക്കെടുതി രൂക്ഷമായ എറണാകുളം ജില്ലയില്ലെ പാമ്പാടിത്താഴം കോളനിയില്‍ 50 ഓളം വീടുകളില്‍ വെള്ളം കയറി നിരവധി പേരെ മാറ്റിപ്പാര്‍‌പ്പിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടുകളിലധികവും ഇതോടെ ദുരിതത്തിലായി. കുടിവെള്ളം ഇല്ല, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സാഹചര്യമില്ല, വീടുകളിലധികവും വെള്ളത്തിലുമായി.

ഇനിയെന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പാമ്പാടിത്താഴത്തെ നാട്ടുകാര്‍. നാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീടുകള്‍ പോലും ഇപ്പോള്‍ അപകടാവസ്ഥയിലുമാണ്. ചില വീടുകള്‍ ചരിഞ്ഞ അവസ്ഥയിലാണ് ഉള്ളത് ഇനി വെള്ളമിറങ്ങിയാല്‍ തന്നെ അവിടെ അന്തിയുറങ്ങാനാകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

തോരാതെ പെയ്യുന്ന മഴയില്‍ വീടുകളിലധികവും വെള്ളം കയറിക്കഴിഞ്ഞു. താല്‍ക്കാലികമായി ജനങ്ങളെ പ്രദേശത്തെ പകല്‍ വീടിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവര്‍ക്കുള്ള ഭക്ഷണമുള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

വയല്‍ പ്രദേശങ്ങളില്‍ മണ്ണിട്ട് നികത്തി വീടുകള്‍ നിര്‍മ്മിച്ചാണ് നിരവധി പേരെ മുനിസിപ്പാലിറ്റി മാറ്റി പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ അതുതന്നെയാണ് പാമ്പാടിത്താഴത്ത് ഈ സ്ഥിതി വരാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.

Full View

Writer - അരവിന്ദ് പി.ആര്‍

Broadcast Journalist

Editor - അരവിന്ദ് പി.ആര്‍

Broadcast Journalist

Web Desk - അരവിന്ദ് പി.ആര്‍

Broadcast Journalist

Similar News