വഖഫ് ഭൂമി കയ്യേറിയതായി ആരോപണം

അതേസമയം, സിലബസ് തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്രസാ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ എന്നാണ് മറു വിഭാഗത്തിന്റെ വിശദീകരണം.

Update: 2018-08-12 09:45 GMT
Advertising

മാവൂര്‍ അരയങ്കോടില്‍ ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമി ഒരു വിഭാഗം കൈയേറി കെട്ടിടം നിർമിച്ചെന്ന് ആരോപണം. കയ്യേറിയ ഭൂമി തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് വഖഫ് ബോർഡിൽ പരാതി നൽകി. അതേസമയം, സിലബസ് തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്രസാ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ എന്നാണ് മറു വിഭാഗത്തിന്റെ വിശദീകരണം.

അരയങ്കോട് കുഴിയിൽ പീടിക ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമിയിലാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നാണ് പള്ളിക്കമ്മിറ്റിയുടേയും മഹല്ല് പ്രസിഡന്റിന്റേയും ആരോപണം. ആകെയുള്ള 1.26 ഏക്കര്‍ വഖഫ് ഭൂമിയില്‍ 15 സെന്റ് സ്ഥലമാണ് കയ്യേറിയതെന്ന് ആധാരവും വഖഫ് രേഖകകളും നിരത്തി ഇവര്‍ വിശദീകരിക്കുന്നു.

അതേസമയം, മഹല്ലു മദ്രസയിലെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എ.പി - ഇ.കെ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് വഖഫ് ഭൂമി വിവാദത്തിനു പിന്നിലെ യഥാര്‍ഥ കാരണമെന്ന് എ.പി വിഭാഗം പറഞ്ഞു.

മദ്രസയില്‍ സിലബസ് തര്‍ക്കമുണ്ടായ കാര്യം മഹല്ല് പ്രസിഡന്റും സ്ഥിരീകരിച്ചു. 2013 ലെ വഖഫ് ആക്ട് അനുസരിച്ച് വഖഫ് ഭൂമിയിലെ എല്ലാ കയ്യേറ്റങ്ങളും എത്ര പഴക്കമുള്ളതാണെങ്കിലും ഒഴിപ്പിക്കാൻ സാധിക്കും. ഇത് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകാൻ വഖഫ് ബോർഡ് ആവശ്യപ്പെട്ടതായാണ് വിവരം.

Tags:    

Similar News