മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന് കേൾക്കുന്ന 'കോലീബി' സഖ്യത്തിന്റെ തുടക്കം വടകരയും ബേപ്പൂരുമായിരുന്നില്ല. അതിനും മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിൽ മത-രാഷ്ട്രീയ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ ജാഗ്രതയിൽ അതിനെ പരാജയപ്പെടുത്തിയിട്ടുമുണ്ട്. അന്ന് ബിജെപി രൂപീകൃതമല്ലാത്തതിനാൽ അതിന്റെ ആദ്യ രൂപമായ ജനസംഘമായിരുന്നു സഖ്യത്തിലുണ്ടായിരുന്നത് എന്നു മാത്രം.
എന്താണ് കോലീബി ?
90 ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കി. ഇതോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാവും എന്ന പ്രതീതി പരക്കെ ഉണ്ടായി. കോൺഗ്രസ് നേതൃത്വം പോലും അത് വിശ്വസിച്ചിരുന്നു. അതിനെ മറികടക്കാനായി കോൺഗ്രസിലെ ചാണക്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ. കരുണാകരന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ സഖ്യം രൂപപ്പെട്ടു. പിന്നീടത് കോ-ലീ-ബി എന്ന് അറിയപ്പെട്ടു. കേരളത്തിൽ എങ്ങനെയെങ്കിലും ഒരു സീറ്റ് കിട്ടുക എന്ന ലക്ഷ്യമുള്ള ബിജെപിയെ കൂടെ നിർത്തി ഇടതുപക്ഷത്തെ അധികാരത്തിൽ നിന്ന് ഇറക്കാം എന്നായിരുന്നു കരുണാകരന്റെ കണക്കുകൂട്ടൽ. അതിനായി പരസ്പര സഹകരണം നടത്തേണ്ട ചില മണ്ഡലങ്ങളും തെരഞ്ഞെടുത്തിരുന്നു. അവസാനം ഡീൽ ഉറപ്പിച്ചു. അങ്ങനെ കോലീബി സഖ്യം പിറന്നു.
ബേപ്പൂർ, മഞ്ചേശ്വരം, തിരുവനന്തപുരം നിയമസഭ സീറ്റുകളിലും വടകര ലോക്‌സഭ മണ്ഡലത്തിലും ബിജെപിയുടെ സ്ഥാനാർഥികൾ മത്സരിക്കും. അവിടങ്ങളിൽ കോൺഗ്രസ്-ലീഗ് സ്ഥാനാർഥികൾ മത്സരിക്കില്ല. അവിടത്തെ യുഡിഎഫ് വോട്ട് ബിജെപി സ്ഥാനാർഥികൾക്ക് നൽകും. മറ്റിടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ബിജെപി വോട്ട് നൽകും എന്നതായിരുന്നു ധാരണ. ബേപ്പൂരിൽ കോഴിക്കോട്ടെ ബിജെപി സഹയാത്രികൻ ഡോ. മാധവൻകുട്ടിയും മഞ്ചേശ്വരത്ത് ബിജെപി സ്ഥാപക നേതാവ് കെ.ജി മാരാരും തിരുവനന്തപുരത്ത് ബിജെപി നേതാവ് രാമൻപിള്ളയും ബിജെപി സ്ഥാനാർഥികളായി മത്സരിക്കും. വടകര ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. രത്‌നം സിങിനേയും സംയുക്ത സ്ഥാനാർഥിയായി തീരുമാനിച്ചു.
ബേപ്പൂരിൽ സിറ്റിങ് എംഎൽഎയായ ടി.കെ ഹംസയെയാണ് സിപിഎം മത്സരിപ്പിച്ചത്. പാർട്ടി ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. കോലീബി ആരോപണം രാഷ്ട്രീയ വിവാദമായി നിലനിന്നിരുന്നുവെങ്കിലും ആദ്യമായി വെളിപ്പെടുത്തൽ ഉണ്ടാവുന്നത് 1998 ലാണ്. ജന്മഭൂമിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.ജി മാരാരുമായി വളരെ അടുപ്പമുണ്ടായിരുന്ന കെ. കുഞ്ഞിക്കണ്ണൻ എഴുതിയ 'കെ. ജി മാരാർ-രാഷ്ട്രീയത്തിലെ സ്‌നേഹ സാഗരം' എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് ആദ്യ വെളിപ്പെടുത്തൽ വന്നത്. ആർഎസ്എസ് പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്രയായിരുന്നു പുസ്തകം പ്രകാശനം ചെയ്തതും. 1991-ൽ വടകരയിൽ പൊതുസ്ഥാനാർത്ഥിയായ മത്സരിച്ച അഡ്വ. എം. രത്നസിങിന്റെ, 2014 ൽ പ്രസദ്ധീകരിച്ച 'എപ്പിലോഗ്' എന്ന ആത്മകഥയിൽ ഈ സംഭവത്തിലെ വസ്തുത കുറേക്കുടെ വ്യക്തമായി വെളിപ്പെടുത്തിയിരുന്നു. ഇതേ കാര്യം കോ ലീ ബി സഖ്യ സ്ഥാനാർത്ഥിയായി ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഡോ. കെ. മാധവൻകുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഉണ്ടായ അനുഭവം അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായ ടി.കെ ഹംസ ഇങ്ങനെ എഴുതുന്നു. -'കരുണാകരൻ നേരിട്ടുവന്ന് ജനക്കൂട്ടത്തോട് ടി.കെ ഹംസയെ പരാജയപ്പെടുത്താൻതന്നെയാണ് മാധവൻകുട്ടിക്ക് പിന്തുണകൊടുത്തതെന്ന് പ്രഖ്യാപിച്ചു. കരുണാകരൻ വന്നുപോയ ഉടനെതന്നെ ലീഗുകാർ പാണക്കാട് ശിഹാബ് തങ്ങളെ കൊണ്ടുവന്നു. അദ്ദേഹം ഫറോക്ക് പേട്ട, അരീക്കോട്, നല്ലളം, നടുവട്ടം, മാത്തോട്ടം എന്നീ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രസംഗിച്ചത്. അദ്ദേഹം സ്റ്റേജിലിരിക്കുന്ന ഡോ. മാധവൻകുട്ടിയെ ചൂണ്ടിക്കൊണ്ട്, 'ഈ ഇരിക്കുന്ന മാധവൻകുട്ടി ഞാനാണെന്ന് കരുതി നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം' എന്നു പറഞ്ഞു. മാധവൻകുട്ടിയെ 'തങ്ങൾ' എന്ന് മനസ്സിൽ കരുതി വോട്ട് ചെയ്യണം എന്നാണല്ലോ പറഞ്ഞതിനർത്ഥം. അപ്പോൾ തങ്ങൾ എന്നതിന് പാവങ്ങൾ കൊടുക്കുന്ന സ്ഥാനം ദുർവിനിയോഗം ചെയ്ത് വോട്ട് പിടിക്കുന്നു. ഞാൻ നേരിട്ട് പ്രസംഗം കേട്ടു. അപ്പോൾ എനിക്കുണ്ടായ മനോവേദന പറഞ്ഞറിയിക്കാൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ നബികുടുംബത്തിൽ പെട്ടവരെയാണല്ലോ ജനങ്ങൾ, തങ്ങൾ എന്ന് വിശ്വസിക്കുന്നത്. ആ വിശ്വാസവും ബഹുമാനവും വിജയത്തിനുവേണ്ടി ദുർവിനിയോഗം ചെയ്യുന്നു എന്നതാണ് എന്നെ ദുഃഖിപ്പിച്ചത്.' (കേരള രാഷ്ട്രീയ ചരിത്രം, ആർ.കെ ബിജുരാജ്, പേജ് 493 ) രാജീവ് ഗാന്ധി വധത്തെ തുടർന്ന് രാജ്യത്തൊടുനീളം ആഞ്ഞുവീശിയ കോൺഗ്രസ് തരംഗത്തിൽ കേരളത്തിലും യുഡിഎഫ് അനുകൂല തെരഞ്ഞെടുപ്പ് ഫലമുണ്ടായി. ആ തരംഗത്തിലും കോലീബി സഖ്യത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കേരളിലെ വോട്ടർമാർ കാണിച്ചു എന്നത് എടുത്തുപറയേണ്ടതാണ്.
1960 ൽ ഇഎംഎസിനെതിരെ പൊതുസ്ഥാനാർഥി
കേരളം രൂപീകൃതമായതിന് ശേഷം പലവിധം സഖ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സാമൂഹിക സൗഹാർദത്തെ പോലും തകർക്കാൻ ശേഷിയുള്ള ഒരു സഖ്യം ആദ്യം രൂപപ്പെടുന്നത് 1960 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ്. വിമോചന സമരത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസിനെതിരെ പട്ടാമ്പി മണ്ഡലത്തിലാണ് അവിശുദ്ധ സഖ്യം രൂപം കൊണ്ടത്. കോൺഗ്രസും ലീഗും ജനസംഘവും ചേർന്ന് പൊതു സ്ഥാനാർഥിയുമായാണ് ഇഎംഎസിനെതിരെ മത്സരിച്ചത്. കോൺഗ്രസ് നേതാവായ എ.രാഘവൻ നായരായിരുന്നു സഖ്യത്തിന്റെ പൊതുസ്ഥാനാർഥി. ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ച് എം.പി ഗോവിന്ദമേനോൻ അന്ന് നടത്തിയ പ്രസ്താവന ഇങ്ങനെ- ' ലോകത്തിന്റെ മുഴുവൻ ശ്രദ്ധാ കേന്ദ്രവും മർമപ്രധാനവുമായ പട്ടാമ്പിയിൽ സ്വന്തം നിലക്ക് ജയിക്കാമെങ്കിലും ഞങ്ങൾ പിന്മാറുന്നു.
ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാറിനെ നയിച്ച ഇഎംഎസിനെ തോൽപ്പിക്കാൻ തലപ്പൊക്കമുള്ള പലരും പട്ടാമ്പിയിലേക്ക് എത്തി. 1957 ലെ തെരഞ്ഞെടുപ്പിൽ നീലേശ്വരത്ത് മത്സരിച്ച ഇഎംഎസ് 1960 ലാണ് പട്ടാമ്പിയിലേക്ക് എത്തിയത്. ജവഹർലാൽ നെഹ്‌റുവും ഇന്ദിരഗാന്ധിയും മൊറാർജി ദേശായിയും ഇഎംഎസിനെതിരെ പ്രചാരണത്തിനായി എത്തി. ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യയും ലീഗ് നേതാവ് ബാഖഫി തങ്ങളും പട്ടാമ്പിയിലെത്തി ഇഎംഎസിനെതിരെ പ്രചാരണം നയിച്ചു. പെരിന്തൽമണ്ണയിലെ മുസ്‌ലിം സ്ഥാനാർഥിക്ക് ഹിന്ദുവോട്ടെന്നും പട്ടാമ്പിയിലെ ഹിന്ദു സ്ഥാനാർഥിക്ക് മുസ്‌ലിം വോട്ടും എന്നതായിരുന്നു കോൺഗ്രസ്-ലീഗ്- ജനസംഘം ധാരണ. ദൈവം നേരിട്ട് വന്നാലും ഇഎംഎസ് ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി വാർത്തകുറിപ്പ് ഇറക്കി. ഇടത് മുഖം മ്ലാനമെന്നായിരുന്നു സംയുക്തമുന്നണിയുടെ വാദം. തെരഞ്ഞെടുപ്പ് കഴിഞ്ഞു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ട് കൂടിയത് തങ്ങൾക്ക് അനുകൂലമെന്നായിരുന്നു സംയുക്തമുന്നണിയുടെ അവകാശവാദം. ഫലം വന്നു, കേരളത്തിൽ ഉടനീളം കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. രാഷ്ട്രീയ മതസഖ്യം രൂപപ്പെട്ട പട്ടാമ്പിയിൽ ഇഎംഎസ് 7322 വോട്ടിന് ജയിച്ച് കയറി. രാഷ്ട്രീയവും മതവും കൂട്ടിക്കുഴച്ചുള്ള രാഷ്ട്രീയ പരീക്ഷത്തെ പട്ടാമ്പിയിലെ ജനത പുറകാൽ കൊണ്ട് തട്ടി ഭാരതപ്പുഴയിലൊഴുക്കി. സഖ്യമുണ്ടാക്കിയ പെരിന്തൽമണ്ണയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ഇ.പി ഗോപാലനും മുസ്‌ലിം ലീഗിന് വേണ്ടി എം. മൊയ്തീൻ കുട്ടിയുമാണ് മത്സരിച്ചത്. 4527 വോട്ടിനായിരുന്നു ഇ.പി ഗോപാലന്റെ വിജയം.