ഹര്‍ത്താല്‍ ദിനത്തില്‍ സേവന പ്രവര്‍ത്തനത്തിനിറങ്ങിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ കമ്പളക്കാട് സ്വദേശികളായി ഒരുപറ്റം യുവാക്കള്‍ റോഡിലെ കുഴികളടയ്ക്കാന്‍ രംഗത്തിറങ്ങിയത്.

Update: 2018-09-10 14:37 GMT

ഹര്‍ത്താല്‍ ദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കല്‍പ്പറ്റ പുളിയാര്‍മല റോഡിലെ കുഴികളടച്ചുകൊണ്ടിരുന്ന അഞ്ച് യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ചാണ് പൊലീസ് നടപടി.

വയനാട് കല്‍പറ്റ പുളിയാര്‍മല വളവില്‍ മാസങ്ങളായി റോഡ് തകര്‍ന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡിലേക്ക് വെള്ളമിറങ്ങി ഗര്‍ത്തങ്ങള്‍ കൂടുതല്‍ രൂക്ഷമായിരുന്നു. മേഖലയില്‍ ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവായിരുന്നു. ഇവിടെ ഗതാഗതകുരുക്കും രൂക്ഷമാണ്.

Advertising
Advertising

ഇതിനെ തുടര്‍ന്നാണ് ഇന്ന് ഹര്‍ത്താല്‍ ദിനത്തില്‍ കമ്പളക്കാട് സ്വദേശികളായി ഒരുപറ്റം യുവാക്കള്‍ റോഡിലെ കുഴികളടയ്ക്കാന്‍ രംഗത്തിറങ്ങിയത്. ഇവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡില്‍ ബ്ലോക്കുണ്ടാക്കിയെന്നാരോപിച്ചാണ് ഇവരെ കല്‍പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്.

റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ഇവിടെ മണ്ണിട്ട് കുഴികളടയ്ക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗം മാത്രം വഴി വാഹനങ്ങള്‍ കടത്തിവിട്ടാണ് ഇവര്‍ ജോലിചെയ്തിരുന്നത്. ഇതിനെ തുടര്‍ന്ന് ചെറിയ ഗതാഗത തടസ്സമുണ്ടായിരുന്നു. ഈ സമയത്ത് എസ് പിയുടെ വാഹനവും അല്‍പസമയം ഗതാഗത തടസത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ യാത്രക്കാരില്‍ നിന്ന് പണം പിരിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.

Full View
Tags:    

Similar News